അന്നദാനപുണ്യത്തിന്റെ ഇരുപത്താഞ്ചാണ്ട്
കൊച്ചി: സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകാൻ തുടങ്ങിയിട്ട് 25 വർഷം പൂർത്തിയാക്കുകയാണ് ബ്രദേഴ്സ് ഒഫ് ഹോളി സ്പിരിറ്റ് ചാരിറ്റബിൾ ട്രസ്റ്റ്. എറണാകുളം ജനറൽ ആശുപത്രിയിലെയും പശ്ചിമകൊച്ചി കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെയും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സ്നേഹത്തിന്റെ അന്നമൂട്ടി കാരുണ്യയാത്ര അവിരാമം തുടരുകയാണ്.
കച്ചേരിപ്പടി നിവാസിയായ കെ.സി തോമസാണ് കൂട്ടുകാർക്കൊപ്പം ട്രസ്റ്റിന് തുടക്കും കുറിച്ചത്. ജനറൽ ആശുപത്രിയിലെ അനാഥ രോഗികളെ ശുശ്രൂഷിക്കാൻ പോയപ്പോഴാണ് വിശപ്പും രോഗം പോലെ തന്നെ പ്രധാനമെന്ന് തിരിച്ചറിഞ്ഞത്.
ആദ്യം രോഗികൾക്കായാണ് ഭക്ഷണമൊരുക്കിയതെങ്കിലും പിന്നീട് ഭക്ഷണം തേടിയെത്തുന്നവരുടെ എണ്ണം കൂടി. ആയിരത്തോളം പേർക്ക് വരെ ആഹാരം വിളമ്പിയ ദിവസമുണ്ട്. അപ്പോഴാണ് രോഗികൾക്ക് സർക്കാർ സൗജന്യഭക്ഷണം നൽകി തുടങ്ങിയത്. അപ്പോഴും കൂട്ടിരിപ്പുകാർ അന്നം തേടി വന്നു. അങ്ങനെ അഞ്ഞൂറോളം പേർക്ക് ഭക്ഷണം തുടർന്നു.
ഇതിനിടെ കെ.സി തോമസ് വിട്ടുപിരിഞ്ഞെങ്കിലും കൂട്ടുകാർ യാത്ര തുടരുകയാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 11.30 ആകുമ്പോഴേക്കും ഭക്ഷണം ജനറൽ ആശുപത്രിയിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പശ്ചിമകൊച്ചിയിലാണ്. ചോറ്, സാമ്പാർ, തോരൻ എന്നിവയാണ് മെനു. ഉണ്ടാക്കുന്നതും വിളമ്പുന്നതുമെല്ലാം ട്രസ്റ്റിലെ അംഗങ്ങൾ. നൂറോളം പേരുണ്ട് ട്രസ്റ്റിലെ പ്രവർത്തകരായി. ഓരോ ദിവസവും സ്പോൺസർമാരുണ്ടാകും. പിറന്നാളും ഓർമ്മദിവസങ്ങളുമെല്ലാം പാവങ്ങളുടെ അന്നമായി പരിണമിക്കും. ഒരു തവണ പോലും അന്നദാനത്തിന് വീഴ്ച വരുത്തിയിട്ടില്ല. പാവങ്ങൾക്ക് വീടുവച്ചു നൽകുകയും നിർധനരായ പെൺകുട്ടികളെ വിവാഹം ചെയ്ത് അയപ്പിക്കാനും സംഘം മുന്നിട്ടിറങ്ങാറുണ്ട്.
സഹജീവികൾക്ക് വേണ്ടി
"സഹജീവി സ്നേഹം മാത്രമാണ് ട്രസ്റ്റ് ആരംഭിക്കുന്നതിന് കാരണമായത്. ദൈവമാണ് മുന്നോട്ടുനയിക്കുന്നത്."
സ്റ്റീഫൻ, ഭാരവാഹി,ബ്രദേഴ്സ് ഒഫ് ഹോളി സ്പിരിറ്റ് ചാരിറ്റബിൾ ട്രസ്റ്റ്