ആലുവ: ദേശസാത്കൃത ബാങ്കിലെ പഴയ മരഉരുപ്പടികൾ കയറ്റി അയക്കുന്നതിന് ബി.എം.എസ് നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളി യൂണിയൻ നോക്കുകൂലി ആവശ്യപ്പെട്ടതായി ആക്ഷേപം. ഇതേത്തുടർന്ന് സാധനങ്ങൾ മാറ്റുന്നത് മണിക്കൂറുകളോളം മുടങ്ങി.
ആലുവ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ബാങ്കിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബാക്കിവന്ന പഴയ മരഉരുപ്പടികളാണ് നീക്കം ചെയ്തത്. 15,000 രൂപ നോക്കുകൂലിയായി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കരാറുകാരൻ വാഹനവും ജോലിക്കാരുമായെത്തി പുലർച്ച സാധനങ്ങൾ നീക്കംചെയ്യാൻ ആരംഭിച്ചു. എന്നാൽ ഒൻപത് മണിയോടെ അവിടെയെത്തിയ ചുമട്ടുതൊഴിലാളികൾ അത് തടയുകയായിരുന്നു. ഇത് സംബന്ധിച്ച് വാക്കാതർക്കവും നടന്നു. സാധനങ്ങൾ കയറ്റിയ വാഹനം തടഞ്ഞിട്ടു.
ഇതോടെ പൊലീസും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരുമെത്തി. ചർച്ചയിൽ ബി.എം.എസ്. യൂണിയനിൽപെടുന്നവരെ കൊണ്ട് സാധനങ്ങൾ ലോറിയിൽ കയറ്റാനും കൂലിയായി 3000 രൂപ നൽകുവാനും തീരുമാനിച്ചു. തുടർന്നാണ് ബാക്കിയുള്ള സാധനങ്ങൾ കയറ്റിഅയച്ചത്.
# ആരോപണം തള്ളി ബി.എം.എസ്
ചുമട്ടു തൊഴിലാളികൾ നോക്കുകൂലി ചോദിച്ചില്ലെന്നും പണി ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ബി.എം.എസ് നേതാക്കൾ പറഞ്ഞു. കാലങ്ങളായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിൽ ചെയ്യുന്നവരാണ് തൊഴിലാളികൾ. അവർക്ക് അവകാശപ്പെട്ട തൊഴിൽ നിഷേധിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തിട്ടുള്ളത്. തൊഴിലാളികൾ ജോലി ചെയ്തതിന്റെ കൂലി കരാറുകാരൻ ക്ഷേമ ബോർഡിൽ നേരിട്ട് അടയ്ക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നും മറിച്ചുള്ള ആരോപണം ശരിയല്ലെന്നും ബി.എം.എസ് നേതാവ് സന്തോഷ് പൈ പറഞ്ഞു.