കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനുമുള്ള അന്തിമ അദാലത്തിൽ അപേക്ഷ നൽകാൻ കലൂരിലെ സ്ഥിരം അദാലത്ത് ഓഫീസിൽ ആയിരക്കണക്കിന് ദുരിതബാധിതർ എത്തി.കഴിഞ്ഞവർഷത്തെ പ്രളയത്തിന് നഷ്ട പരിഹാരംതേടുന്ന അപേക്ഷകൾ ഒരാഴ്ചയായി സ്വീകരിച്ച് ടോക്കൺ നൽകുന്നുണ്ട്. ഇന്നലെ ലഭിച്ച അപേക്ഷകൾ അടുത്ത മാർച്ചിൽപരിഗണിക്കും. 40,000അപേക്ഷകൾ പ്രതീക്ഷിക്കുന്നു. ആദ്യ സിറ്റിംഗ് ഈമാസം 25 ന് നടക്കും.
ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ ഒന്നാംഘട്ട അദാലത്തിലെ ഉത്തരവുകളിൽ ആക്ഷേപമുള്ളവരാണ് അപ്പീൽ അപേക്ഷ നൽകുന്നത്. എറണാകുളത്തും പറവൂരുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇതുവരെ പതിനായിരത്തിലേറെ അപേക്ഷകൾ സ്വീകരിച്ചു .
ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് അദാലത്ത് നടക്കുക.ഒരു ജഡ്ജിയും രണ്ട് ഉദ്യോഗസ്ഥരും അടങ്ങിയ സമിതിയാണ് അപേക്ഷകൾ പരിശോധിക്കുന്നത്. ദിവസം 70 അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളു. മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ നഷ്ടപരിഹാര തുക വൈകുമെന്ന ആശങ്കയുമുണ്ട് .