ആലുവ: കാൻസർ എന്ന മഹാരോഗത്തെ ഭീതിയോടെ കാണുന്ന സമൂഹത്തിന് മുന്നിൽ ഉമർ മിസ്ബാഹ് വ്യത്യസ്ഥനാണ്. ആലുവ ചാലക്കൽ സ്വദേശി ഉമർ മിസ്ബാഹ് ഒൻപതാം ക്ലാസിൽ പഠിമ്പോഴാണ് രക്താർബുദം സ്ഥിരീകരിക്കുന്നത്. അതോടെ പഠനം ഉപേക്ഷിച്ചു.ഒരു വർഷത്തോളം ചികിത്സയും, പരിശോധനകളുമായി തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ. ചികിത്സയിൽ നേരിയ ശമനം ലഭിച്ചപ്പോൾ 2016ൽ വീണ്ടും കുട്ടമശേരി ഗവ.സ്‌കൂളിൽ പത്താം ക്ലാസിൽ ചേർന്നു. ചികിത്സക്കിടയിലും എസ്.എസ്.എൽ.സി ഒമ്പത് എ.പ്ളസ് നേടി വിജയിച്ചു. പ്ളസ് ടു സയൻസ് ഗ്രൂപ്പ് മുടിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് 80 ശതമാനം മാർക്ക് വിജയിച്ചു.
തുടർന്ന് സ്വയം പഠിച്ച് എൻജിനീയറിംഗ് പരീക്ഷ എഴുതിയ ഉമർ മികച്ച റാങ്കോടെ എയറോനോട്ടിക്കൽ എൻജിനീയർ ആകണമെന്ന ആഗ്രഹം സഫലീകരിക്കാനുള്ള ആദ്യ ചുവട് വെയ്പ്പിലാണ്.
ചാലയ്ക്കൽ അമ്പലപറമ്പ് കീഴ്തോട്ടത്തിൽ മുഹമ്മദ് കുഞ്ഞിന്റെയും ബേനസീറിന്റേയും മകനായ ഉമർ പെരുമ്പാവൂർ ഐ.എൽ.എം എൻജിനീയറിംഗ് കോളേജിലാണ് എയറോനോട്ടിക്കൽ എൻജിനീയറിംഗ് പഠിക്കുന്നത്. പഠനത്തിൽ സമർത്ഥനായ ഉമറിന് കോളേജ് മാനേജ്മെന്റ് ഫീസിൽ ഇളവ് അനുവദിച്ചു. ഫോട്ടോഗ്രാഫി,ചിത്രരചന എന്നിവയിലും ഉമർ മികവ് തെളിയിച്ചിട്ടുണ്ട്. ഉമറിന് നിലവിൽ അസുഖം ഇല്ലെങ്കിലും മരുന്നുകൾ തുടരുന്നുണ്ട്. അസുഖം പൂർണമായും മാറുന്നതിന് ഉമറിന് മജ്ജ മാറ്റിവെക്കണമെന്ന് റീജനൽ കാൻസർ സെന്ററിലെ ഡോക്ടർമാർ അറിയിച്ചതായി പിതാവ് മുഹമ്മദ് കുഞ്ഞ് പറയുന്നു. സഹോദരൻ മിൻ സാബിന്റെ മജ്ജ യോജിക്കുമെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതിനാൽ അപേക്ഷ നൽകിയിരിക്കുകയാണ് ഉമറും കുടുംബവും.
# രോഗത്തെ ഭയപ്പെടാതെ ആത്മധൈര്യത്തോടെ മുന്നേറുകയും,ശരിയായ ചികിത്സയും സമൂഹത്തിന്റെ പൂർണ പിന്തുണയും ലഭിച്ചാൽ ഏത് രോഗത്തേയും നേരിടാൻ കഴിയും. കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ആരംഭത്തിൽ തന്നെ ചികിത്സ ലഭിച്ചാൽ രോഗം പൂർണമായും ഭേദപ്പെടുത്താനാകുമെന്നാണ് കാൻസർ ബോധവത്ക്കരണ ദിനത്തിൽ താൻ നൽകുന്ന സന്ദേശം.
ഉമർ മിസ്ബാഹ്