കൊച്ചി : ആന്റോ ആന്റണി എം.പിയുടെ ഭാര്യ ഗ്രേസ് ആന്റോയുടെ വിവാദപ്രസംഗം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതത്തിന്റെ പേരിൽ വോട്ടുതേടി എന്നാരോപിച്ച് ആന്റോ ആന്റണി

എം.പിക്കെതിരെ നൽകിയ തിരഞ്ഞെടുപ്പു ഹർജി തെളിവെടുപ്പിനായി നവംബർ 13 ലേക്ക് മാറ്റി.

ഇടതുമുന്നണിയുടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. അനന്തഗോപനാണ് ഹർജിക്കാരൻ.

ഹർജി നിലനിൽക്കില്ലെന്ന ആന്റോ ആന്റണിയുടെ പ്രാഥമിക തടസവാദങ്ങൾ ഹൈക്കോടതി തള്ളി. പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചശേഷം കോടതി തുടർന്നുള്ള ദിവസങ്ങളിൽ സാക്ഷികളെ സമൻസ് നൽകി വിളിച്ചുവരുത്തി തെളിവെടുക്കും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം ഗ്രേസ് ആന്റോ പെന്തക്കോസ്തു യോഗങ്ങളിൽ ക്രിസ്തുമതത്തിന്റെ പേരുപറഞ്ഞ് വോട്ടുതേടിയെന്നും ശബരിമല യുവതീ പ്രവേശനവിഷയം മതപരമായി ഉന്നയിച്ച് ആന്റോ ആന്റണി പ്രസംഗിച്ചെന്നുമാണ് അനന്തഗോപന്റെ ഹർജിയിലെ ആരോപണം. മതത്തിന്റെ പേരിലും മതസ്‌പർദ്ധ ചൂണ്ടിക്കാട്ടിയും വോട്ടുതേടുന്നത് ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 (3) വകുപ്പ് പ്രകാരമുള്ള അഴിമതിയാണെന്നും ആന്റോ ആന്റണിയെ തിരഞ്ഞെടുത്തത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ വാദം.

ശബരിമല യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി ജയിക്കരുതെന്ന തരത്തിൽ ആന്റോ ആന്റണി പ്രസംഗിച്ചതു വോട്ടർമാരെ സ്വാധീനിക്കലാണെന്ന് പറയാനാവില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതിയുടെ ശബരിമല വിധി ശരിയാണോയെന്ന ചർച്ച ജനപ്രാതിനിദ്ധ്യ നിയമപ്രകാരമുള്ള നടപടിക്ക് മതിയായ കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഗ്രേസ് ആന്റോയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 (3) ന്റെ പരിധിയിൽ വരുന്ന അഴിമതിയാണെന്നും മതസ്പർദ്ധ ചൂണ്ടിക്കാട്ടിയുള്ള വോട്ടു തേടലാണെന്നും വ്യക്തമാക്കിയാണ് ഹർജി തെളിവെടുപ്പിനായി മാറ്റിയത്.

ഉത്തരേന്ത്യയിൽ മിഷണറിമാർ പീഡനം നേരിടുന്നെന്നും ഭയം മൂലം യേശുക്രിസ്തു എന്ന് പറയാനാവാത്ത സ്ഥിതിയുണ്ടാവുമെന്നും ഗ്രേസ് ആന്റോ പ്രസംഗിച്ചെന്നാണ് ആരോപണം.