കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റലായി​. വിദ്യാഭ്യാസ വകുപ്പ് കൈറ്റ്സ് പദ്ധതി പ്രകാരം അനുവദിച്ച പ്രൊജക്ടറുകൾക്കും കമ്പ്യൂട്ടറുകൾക്കുമൊപ്പം, സ്കൂൾ വികസന സമിതി മൂന്നു ലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ സ്‌മാർട്ട് ടി.വികളും സ്ഥാപിച്ചാണ് സ്കൂളിലെ 30 ക്ലാസ് മുറികളിലും പ്രവൃത്തികൾ പൂർത്തീകരിച്ചത് . എൽ.കെ ജി, യു.കെ ജി വിഭാഗങ്ങളി​ൽ കുട്ടി​കൾക്ക് എല്ലാ പാഠഭാഗങ്ങളിലെയും വീഡിയോകൾ, ചിത്രങ്ങൾ, സ്ലൈഡുകൾ, എന്നിവ കണ്ട് പഠിക്കാനാകും. ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം പി നിർവ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉപകരണങ്ങളുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവ്വഹിക്കും.നഗരസഭ ചെയർമാൻ റോയി എബ്രാഹം അദ്ധ്യക്ഷനാകും.