കൊച്ചി : സ്വകാര്യ ബസുകളിലെ യാത്രാക്കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി ജോൺസൺ പയ്യപ്പിള്ളി ഉൾപ്പെടെ നാലുപേർ ഹൈക്കോടതിയിൽ ഹർജി നൽകി.

സർക്കാർ നിയോഗിച്ച ഫെയർ റിവിഷൻ കമ്മിറ്റി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് റിപ്പോർട്ട് നൽകിയിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് ഹർജിയിൽ പറയുന്നു. പത്തു വർഷം മുമ്പ് നിശ്ചയിച്ച ഒരു രൂപയെന്ന നിരക്കാണ് നിലവിലുള്ളത്. ബസ് ഉടമാ സംഘങ്ങൾ നൽകിയ നിവേദനത്തെ തുടർന്ന് ആഗസ്റ്റ് 15 ന് സർക്കാർ യോഗം വിളിച്ചെങ്കി​ലും ഫെയർ റിവിഷൻ കമ്മിറ്റിയുടെ റിപ്പോർട്ട് കണക്കിലെടുത്ത് നി​രക്ക് കൂട്ടേണ്ടെന്നാണ് തീരുമാനിച്ചത്. ബസ് സർവീസ് നടത്താൻ പത്തു ശതമാനം മാത്രമാണ് അധികചെലവെന്നും ബസ് ചാർജ് കൂട്ടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു കമ്മിറ്റിയുടെ റിപ്പോർട്ട്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് കമ്മിറ്റി നൽകിയ റിപ്പോർട്ട് സർക്കാർ പരിഗണിച്ചില്ല.ജീവനക്കാരുടെ വേതന വർദ്ധനവ്, ഡീസൽ വില വർദ്ധന, അറ്റകുറ്റപ്പണികളുടെ ചെലവ് , ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ് തുടങ്ങിയവ കണക്കിലെടുക്കാതെയാണ് കമ്മിറ്റി റിപ്പോർട്ടു നൽകിയതെന്ന് ഹർജിയിൽ പറയുന്നു. കൺസെഷൻ ഉൾപ്പെടെയുള്ള യാത്രാക്കൂലി കൂട്ടണമെന്നും വാഹന നികുതിയും , ഫീസും പി​ഴയും കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഒാപ്പറേറ്റേഴ്സ് ഫോറം നൽകിയ നിവേദനം പരിഗണിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജി​യി​ൽ ആവശ്യപ്പെട്ടു.