പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പണിമുടക്കി പ്രതിഷേധിക്കുന്നു.കഴിഞ്ഞ 10 മാസക്കാലമായി കോയബസാർ പരിസരത്തെ റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്.പഞ്ചായത്ത് അധികാരികളോടും പൊതുമരാമത്ത് അധികാരികൾക്കും മാറി മാറി നിവേദനങ്ങൾ നൽകിയിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.ഇതിനോടകം തന്നെ നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടും അധികാരികൾ കണ്ണ് തുറക്കാത്ത സ്ഥിതിയാണ്.പല ഓട്ടോകളും കുഴികളിൽ വീണ് കട്ടപ്പുറത്താണ്. വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളിൽ വീണ് നിരവധി ടൂ വീലർ യാത്രക്കാർക്ക് അപകടം സംഭവിച്ചു.കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ച 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തിരുന്നു. വരും ദിവസങ്ങളിൽ കുമ്പളങ്ങിയിലേക്കുള്ള സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.