ആലുവ: ആലുവ - പെരുമ്പാവൂർ റോഡ് നാല് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സർവേ വിഭാഗത്തിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് ഡ്രോൺ സർവേ ആരംഭിച്ചു. ആലുവ പമ്പ് കവല മുതൽ മാറമ്പിള്ളി വരെയാണ് ഇന്നലെ ഡ്രോൺ സർവേ നടന്നത്.
നിലവിലുള്ള 12 മീറ്റർ റോഡിന് പുറമെ ഇരുവശത്തും 5.5 മീറ്റർ സ്ഥലം കൂടിയാണ് നാലുവരിപ്പാതക്കായി ഏറ്റെടുക്കേണ്ടത്. ആലുവ ബൈപ്പാസ് മുതൽ പെരുമ്പാവൂർ പാലക്കാട്ടുത്താഴം പാലം വരെയാണ് സർവേ നടത്തുന്നത്. ആലുവ നഗരത്തിൽ റോഡിന്റെ വീതി 13 മീറ്റർ തന്നെയാണ്. പമ്പ് കവല മുതലാണ് 23 മീറ്ററാക്കി ഉയർത്തുക.
# ആലുവ - മുതൽ കോതമംഗലം വരെയും നാലുവരിപ്പാത
ആലുവ - മൂന്നാർ റോഡിൽ ആലുവ - മുതൽ കോതമംഗലം വരെയും നാലുവരിയാക്കുന്നുണ്ട്. ഈ റോഡ് പുളിഞ്ചോട് കവലയിൽ നിന്നാണ് ആരംഭിക്കുന്നത്. കാരോത്തുകുഴി, ഗവ. ആശുപത്രി, പവർ ഹൗസ് റോഡ് വഴി എസ്.പി ഓഫീസ് കവലയിലെത്തും. ഈ ഭാഗത്ത് 23 മീറ്റർ വേണമെന്നാണ് കിഫ്ബി ആവശ്യപ്പെട്ടതെങ്കിലും എം.എൽ.എ വഴങ്ങിയിട്ടില്ല. 18 മീറ്ററിൽ ചുരുക്കി നിർത്തണമെന്നാണ് എം.എൽ.എയുടെ നിലപാട്. പവർ ഹൗസ് മുതൽ 23 മീറ്റർ ആക്കാമെന്നും പറയുന്നു. പമ്പ് കവലയിൽ നിന്നും സീനത്ത് കവലവഴി പവർ ഹൗസ് കവലയിലേക്കുള്ള റോഡും 13 മീറ്ററാക്കി ഉയർത്തും. കാരോത്തുകുഴി കവലയിൽ നിന്നും കപ്പേള വഴി മാർക്കറ്റിലേക്ക് ഇറങ്ങുന്ന റോഡും 13 മീറ്ററാക്കും. ഇതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
# ജനപ്രതിനിധികളുടെ യോഗം വിളിക്കും
ഡ്രോൺ സർവേ മുഖേന ഏറ്റെടുക്കേണ്ട ഭൂമിയുടെയും വീടുകളുടെയും വിവരങ്ങൾ ലഭ്യമാക്കിയ ശേഷം ഈ മേഖലയിലെ ജനപ്രതിനിധികളുടെ യോഗം വിളിക്കും. തുടർന്ന് ഭൂവുടമകളുമായി ധാരണയാക്കിയ ശേഷം മാത്രമായിരിക്കും സ്ഥലം ഏറ്റെടുക്കുക.
അൻവർ സാദത്ത് എം.എൽ.എ