തോപ്പുംപടി: വെള്ളമില്ല, വെളിച്ചമില്ല, രൂക്ഷമായ ഗതാഗതക്കുരുക്കും. ഇതുമൂലം പൊറുതിമുട്ടിയിരിക്കുകയാണ് വാത്തുരുത്തിക്കാർ.അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപാർക്കുന്ന വാത്തുരുത്തി ചിന്ന മദ്രാസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഇവിടെ പലരും വാടകക്കാണ് താമസിക്കുന്നത്. ഒരു വീട്ടിൽ രണ്ടും മൂന്നും കുടുംബങ്ങളാണ് പാർക്കുന്നത്. റെയിൽവേ ലൈൻ ക്രോസ് മുതൽ നേവൽ ബേസ് വരെ ഇവിടെ വഴിവിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്.നേരത്തെ ഈ ഭാഗത്തെ വെളിച്ചത്തിന്റെ ചുമതല കൊച്ചിൻ പോർട്ടിനായിരുന്നു.എന്നാൽ റോഡിന്റെ ചുമതല സംസ്ഥാന പൊതുമരാമത്തിനെ ഏൽപ്പിച്ചതോടെ വഴിവിളക്കുകളുടെ ചുമതല കൊച്ചിൻ കോർപ്പറേഷന് കൈമാറി. വഴിവിളക്കില്ലാത്തതുമൂലം നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. നാട്ടുകാർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതിനെ തുടർന്ന് കുറച്ച് നാൾ വഴിവിളക്ക് തെളിഞ്ഞു. എന്നാൽ നഗരസഭ സ്ഥാപിച്ച 47 വഴിവിളക്ക് തൂണുകളും നാവിക സേന ആസ്ഥാനത്താണ് സ്ഥാപിച്ചത്.എന്നാൽ വഴിവിളക്ക് തെളിയാത്തതോടെ നഗരസഭ തൂണുകളും അഴിച്ച് മാറ്റി. ഈ ഭാഗത്ത് രണ്ട് ബസ് സ്റ്റോപ്പുകളാണ് പ്രവർത്തിക്കുന്നത്. പോരാത്തതിന് ചരക്ക്ട്രെയിൻ കടന്ന് പോകുമ്പോൾ ഗേറ്റ് അടക്കുന്നതുമൂലം വാഹനങ്ങൾ ഇരുട്ടത്താണ് പാർക്ക് ചെയ്യുന്നത്. റോഡ് മുറിച്ചു കടക്കുമ്പോഴും അപകടം പതിവാണ്. ഗേറ്റ് അടക്കുമ്പോഴുള്ള ഗതാഗതക്കുരുക്കിൽ പലപ്പോഴും വാത്തുരുത്തി വീർപ്പ് മുട്ടുകയാണ്.

# കുടിവെള്ളം കിട്ടാകനി

കുടിവെള്ളം പേരിന് മാത്രമാണ് പൊതു ടാപ്പുകളിൽ വരുന്നത്.പലപ്പോഴും ടാങ്കർ ലോറിവെള്ളമാണ് ഇവിടത്തുകാർക്ക് ആശ്രയം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഷ്ട്രീയക്കാർ ഇതുവഴി സഞ്ചരിക്കുന്നത്. ഇതിന് സമീപത്താണ് മാലിന്യ കൂമ്പാരം.അതും നഗരസഭ യഥാസമയം നീക്കം ചെയ്യാറില്ല.

#ഞങ്ങളും മനുഷ്യരാണ് സാറുമാരേ ഞങ്ങൾക്കും ഇവിടെ ജീവിക്കണ്ടേ.... സ്വന്തം നാട് വിട്ട് ഞങ്ങൾ ഇവിടെ വന്ന് കഷ്ടപ്പെടുന്നത് ഒരു ചാൺ വയറിന് വേണ്ടിയാണ്. ഇവിടെ നിന്നും കെട്ടിട നിർമ്മാണ ജോലി കഴിഞ്ഞ് തിരിച്ച് എത്തുന്ന സ്ത്രീ തൊഴിലാളികളുടെ വിലാപമാണിത്.