കൊച്ചി: കേരള ന്യൂമിസ്മാറ്റിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 8,​ 9, 10 തീയതികളിൽ അഖിലേന്ത്യ നാണയസ്റ്റാമ്പ് പ്രദർശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ന്യൂമിസ്മാറ്റിസ് സൊസൈറ്റിയുടെ 44ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ വച്ചാണ് പ്രദർശനം.

ഇന്ത്യയിലെ പ്രശസ്തരായ നാണയ സ്റ്റാമ്പ് ഡീലർമാർ പങ്കെടുക്കും. നാളെ പകൽ 10.30 നു സീനിയർ പോസ്റ്റൽ സൂപ്രണ്ട് അർച്ചന ഗോപിനാഥ് പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം.

പ്രവേശനം സൗജന്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങൾ, ഇന്ത്യൻ നാണയങ്ങൾ, കറൻസികൾ സ്റ്റാമ്പുകൾ,​ പുരാതന റോമൻ നാണയങ്ങൾ തുടങ്ങിയവ പ്രദർശനത്തിനെത്തിക്കും.

ഗാന്ധിയുടെ 150ാം ജന്മവാർഷികം പ്രമാണിച്ച് ഗാന്ധിജി സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രത്യേക പ്രദർശനം ഉണ്ടെന്ന് പ്രസിഡന്റ് മോഹനൻ നായർ പറഞ്ഞു. സെക്രട്ടറി ലോറൻസ് എഫ് നേറൊണ, ട്രഷറർ എബ്രഹാം പി.എ, അംഗങ്ങളായ എൻ.ലക്ഷ്മണൻ, വിറ്റ്‌സൺ ലൂയിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.