കൊച്ചി: ഉൾക്കടലിൽ നാവികസേന നടത്തിയ അഭ്യാസപ്രകടനങ്ങൾ ആകാംക്ഷയുടെയും കടൽത്തീരങ്ങളിലെ നിതാന്ത ജാഗ്രതയുടെയും നേർക്കാഴ്ചയായി. സേനയുടെ പരീശീലനമികവും അഭ്യാസങ്ങളിൽ ദൃശ്യമായി.
ദക്ഷിണനാവിക ആസ്ഥാനത്ത് നിന്ന് 40 നോട്ടിക്കൽമൈൽ അകലെ പുറംകടലിൽ നടന്ന അഭ്യാസപ്രകടനങ്ങളിൽ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുനയന, പരിശീലന കപ്പൽ ഐ.എൻ.എസ് തിർ, ഐ.എൻ.എസ് സുജാത, തീരസംരക്ഷണസേനയുടെ കപ്പൽ സാരഥി എന്നിവ പങ്കെടുത്തു.
പുറംകടലിൽ സംശയാസ്പദ സാഹചര്യത്തിൽ കാണുന്ന കപ്പലുകളെ നാവികസേന പിന്തുടരുന്നതും ചെറുബോട്ടുകളിൽ എത്തുന്ന നാവികർ കപ്പലിൽ പ്രവേശിച്ച് പരിശോധന നടത്തുന്നതിന്റെയും തത്സമയ പരിശീലനം വിസ്‌മയമുണർത്തി. അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരെയും സാധനങ്ങളെയും ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് റോപ്പ് വഴി എത്തിക്കുന്ന പ്രകടനത്തിൽ കൊച്ചിയിലെ മാദ്ധ്യമപ്രവർത്തകരെയും പങ്കാളികളാക്കി. ഈ പ്രകടനത്തിൽ ഒരേ സമയം 30 മീറ്റർ അകലങ്ങളിൽ മൂന്ന് കപ്പലുകൾ പങ്കെടുത്തു. കടലിൽ അപകടങ്ങളിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ നാവികസേന ഹെലികോപ്ടറിൽ രക്ഷപെടുത്തുന്നതും ആവിഷ്‌കരിച്ചു.
ഐ.എൻ.എസ് സുനയനയുടെ കമാൻഡിംഗ് ഓഫീസർ രോഹിത് ബാജ്‌പേയി, ലെഫ്‌റ്റനൻഡ് കമാൻഡർ അക്ഷയ് കുമാർ രാജ, കമാൻഡർ ശ്രീധർവാര്യർ എന്നിവർ കപ്പലിന്റെയും നാവികസേനയുടെയും പ്രവർത്തനങ്ങൾ വിവരിച്ചു. വൈകിട്ട് ബർത്തിൽ നങ്കൂരമിട്ട കപ്പലിൽ ദേശീയപതാക താഴ്‌ത്തുന്ന രംഗവും വികാരതീവ്രമായിരുന്നു.