കൊച്ചി: സുപ്രീം കോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട കെട്ടിട സമുച്ചയങ്ങളിലെ ഉടമസ്ഥാവകാശ രേഖകളില്ലാത്ത ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് കെ. ബാലകൃഷ്ണൻ നായർ കമ്മീഷൻ ബദൽ മാർഗങ്ങൾ തേടുന്നു. ഒമ്പത് ഫ്ലാറ്റുടമകൾക്കാണ് ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു രേഖയും സമർപ്പിക്കാൻ കഴിയാത്തത്. നഷ്ടപരിഹാരത്തിന് ഇതുവരെ ബാലകൃഷ്ണൻ നായർ കമ്മീഷനെ സമീപിച്ച 252 ഫ്ലാറ്റുടമകളിൽ 243 പേരും ആധാരമോ വിൽപ്പന കരാറോ അവകാശവാദത്തിന് തെളിവായി സമർപ്പിച്ചിരുന്നു.
ഉടമസ്ഥാവകാശ രേഖകളില്ലാത്ത ഫ്ലാറ്റുടമകൾക്ക് പ്രത്യേക അപേക്ഷാ ഫോറം തയ്യാറാക്കും. പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തി അത് പൂരിപ്പിച്ച് ബന്ധപ്പെട്ട അധികൃതർ സാക്ഷ്യപ്പെടുത്തിയശേഷം പത്ത് ദിവസത്തിനകം മരട് നഗരസഭയിൽ സമർപ്പിക്കണം. നഗരസഭ ആവശ്യമായ പരിശോധനകൾ നടത്തി ബാലകൃഷ്ണൻ നായർ കമ്മീഷന് സമർപ്പിക്കും. 19ന് ചേരുന്ന സിറ്റിംഗിൽ ഇവരുടെ കാര്യം പ്രത്യേകം പരിഗണിക്കും.
ഇന്നലെ നടന്ന സിറ്റിംഗിൽ നഷ്ട പരിഹാരത്തിനുള്ള അഞ്ച് അപേക്ഷകളാണ് പരിഗണിച്ചത്. ഇതിൽ നാലെണ്ണം ഇടക്കാല നഷ്ടപരിഹാരത്തിന് അർഹമാണെന്ന് കണ്ടെത്തി. അവശേഷിച്ചത് ഫ്ലാറ്റ് നിർമ്മാതാവിന്റെ ഭാര്യയുടെ പേരിലുള്ളതായിരുന്നു. അത് പിന്നീട് പരിഗണിക്കാനായി മാറ്റി.
പൊളിച്ചുമാറ്റിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റി സമീപവാസികളുടെ ആശങ്ക പരിഹരിക്കാൻ നഗരസഭയ്ക്ക് പൂർണമായും സാധിച്ചില്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു. ഇൻഷ്വറൻസ് സംബന്ധിച്ച വ്യക്തത വരാത്തതിനാൽ സബ് കളക്ടർ ചർച്ചയിൽ പങ്കെടുത്തില്ല. അഡീഷണൽ ചീഫ് സെക്രട്ടറി 11ന് കൊച്ചിയിൽ എത്തുമ്പോൾ സമീപവാസികളുടെ യോഗം വിളിച്ചു ചേർക്കാനാണ് തീരുമാനം.