# കളി ആരവങ്ങൾക്കൊപ്പം ഇനി സൗരോർജ്ജവും

കൊച്ചി: കൊച്ചിയെ ഹരിത നഗരമാക്കുകയെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ ) സൗരോർജ്ജ പദ്ധതിക്ക് തുടക്കമിടുന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (സിയാൽ ) ചേർന്ന് പദ്ധതി നടപ്പാക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ വി.സലിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കലൂർ സ്റ്റേഡിയമാണ് ആദ്യ പരീക്ഷണശാല. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിയും. മൂന്ന് മെഗാവാട്ട് വൈദ്യുതി വരെ സാധിക്കുമെങ്കിലും തത്‌ക്കാലം ഒരു മെഗാവാട്ട് ഉത്പാദനമാണ് ലക്ഷ്യം. നാലു കോടി രൂപയാണ് ചെലവ്.

കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തെയും സൗരോർജ സ്റ്റേഡിയമായി കലൂർ സ്റ്റേഡിയം മാറും. മഹാരാഷ്‌ട്രയിലെ ബ്രാബോൺ ക്രിക്കറ്റ് സ്റ്റേഡിയവും ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

# ഉത്പാദനം - ഉപയോഗം

• മാസം 1,20,000 യൂണിറ്റാണ് പ്രതീക്ഷ. കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകും.

• ജി.സി.ഡി.എ പ്രതിമാസ ശരാശരി വൈദ്യുതി ഉപയോഗം :37095 യൂണിറ്റ്

• പ്രതിമാസ വൈദ്യുതി ബിൽ: 26,0000 രൂപയാണ്. മിച്ച ഉത്പാദനം കെ.എസ്.ഇ.ബിക്ക് നൽകുക വഴി കറന്റുകാശ് മിച്ചംപിടിക്കാൻ കഴിയും. ഏഴു വർഷം കൊണ്ട് പദ്ധതി ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ.

# കൺസൾട്ടന്റായി സിയാൽ

സമ്പൂർണ്ണ സൗരോർജ്ജ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കലൂർ സ്റ്റേഡിയത്തിലെ സോളാർ പ്രോജക്‌ട് കൺസൾട്ടന്റാകും. നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കും.