മൂവാറ്റുപുഴ: റൊമാനിയയിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത് വിജയികളായി തിരികെയെത്തിയ മധു മാധവ്, ആർദ്ര സുരേഷ് എന്നിവർക്ക് മൂവാറ്റുപുഴയിൽ വരവേൽപ്പ്. റൊമാനിയയിൽ നിന്നും മടങ്ങിയ സംഘത്തിന് മൂവാറ്റുപുഴ ടൗൺ യു.പി.സ്‌കൂൾ ഗ്രൗണ്ടിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിർമ്മല ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഫാ.ആന്റണി പുത്തൻകുളം അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മേള പ്രസിഡന്റ് എസ്.മോഹൻദാസ്, മൂവാറ്റുപുഴ മേഖല പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പൂട്ടിങ്കൽ, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജബ്ബാർ വേണാട്ട്, താലൂക്ക് പ്രസിഡന്റ് അബ്ബാസ് ഇടപ്പിള്ളി, മൂവാറ്റുപുഴ ബി.ആർ.സിട്രെയിനർ വന്ദന അനുരാഗ് എന്നിവർ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. ഒക്ടോബർ 26 മുതൽ നവംമ്പർ 4 വരെ റൊമേനിയയിലെ കോൺസ്റ്റൻന്റായിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇവർ മത്സരിച്ചത്. മുവാറ്റുപുഴ വാഴക്കുളം കാവന ഇടകുടിയിൽ മധു മാധവ് 70 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിൽ ആറാം സ്ഥാനവും, റൈറ്റ് വിഭാഗത്തിൽ 14ാം സ്ഥാനവും നേടി. മുവാറ്റുപുഴ നിർമ്മല സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയും, വെള്ളൂർകുന്നം മേലേത്ത് ഞാലിൽ സുരേഷ് മാധവന്റെയും റീജ സുരേഷിന്റെയും മകളുമായ ആർദ്ര സുരേഷ് സബ് ജൂനിയർ വിഭാഗത്തിൽലെഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലും നാലാം സ്ഥാനം കരസ്ഥമാക്കി.