കാലടി: ശബരിമല തീർത്ഥാടന മണ്ഡലകാലം അടുത്തതോടെ ശബരിമല തീർത്ഥാടകർക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് ഇതുവരെയും ഒരുക്കിയിട്ടില്ലെന്ന് വിവിധ ഹിന്ദു സംഘടനാ നേതാക്കൾ പരാതിപ്പെട്ടു. 2018ലെ പ്രളയത്തെ തുടർന്ന് നശിച്ചുപോയ വിശ്രമകേന്ദ്രം പുതുക്കിപ്പണിയുന്നതിനും പഞ്ചായത്ത് മുൻകൈ എടുത്തിട്ടില്ല. കൂടാതെ 2017ൽ പണി പൂർത്തീകരിച്ച ടോയ് ലെറ്റ് കെട്ടിടം തുറന്നിട്ടില്ല. വൈദ്യുതി, വെള്ളം എന്നിവയുടെ അനുമതി ലഭിച്ചാലുടൻ തുറന്ന് നൽകുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനവും പാലിച്ചിട്ടില്ല.
ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ കാലടിയിൽ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. വിവിധ ഹിന്ദു സംഘടനാ ഭാരവാഹികളായ ടി.എസ്. രാധാകൃഷ്ണൻ, സലീഷ് ചെമ്മണ്ടൂർ, ശശി തറനിലം, വി.എസ്. സുബിൻകുമാർ ,സതീഷ് തമ്പി എന്നിവർ ചേർന്നാണ് പരാതി നൽകിയത്.