മൂവാറ്റുപുഴ: പായിപ്രയിൽവൈദ്യുതി മുടക്കം തുടർക്കഥയായി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ മുടങ്ങിയ വൈദ്യുതി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് രാത്രി 10.30നാണ് പുന:സ്ഥാപിച്ചത്. കെ.എസ്.ഇ. ബി ഓഫിസിൽ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരോ, ലൈൻമാനോ സ്ഥലത്ത് എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം . പായിപ്ര പ്രദേശത്തെ ഇരുളിലാക്കി സമീപത്തെ കമ്പനിക്ക് വൈദ്യുതി നൽകിയെന്ന് ആരോപണമുണ്ടായി.നാട്ടുകാരനായ ലൈൻമാനെ സംഘടിച്ചെത്തിയ നാട്ടുകാർ തടഞ്ഞു.. വൈദ്യുതി പുന:സ്ഥാപിക്കാതെ ജിവനക്കാരെ വിടില്ലന്ന തീരുമാനത്തിൽ നാട്ടുകാർ എത്തിയതോടെയാണ് രാത്രി 10.30ന് കോതമംഗലം ലൈനിൽ നിന്നും പായിപ്രയിൽ വെളിച്ചം എത്തിച്ചത്. പായിപ്ര മേഖലയിൽ ദിവസവും മണിക്കൂറുകളോളം വൈദ്യുതിമുടങ്ങുന്നത് നിത്യസംഭവമാണ്. എന്നാൽ ഈ മേഖലയിലെപ്ളൈവുഡ് കമ്പനികൾക്ക് എപ്പോഴും വൈദ്യുതി ഉണ്ടാകുകയും ചെയ്യും. ചെറിയ തകാരാർ സംഭവിച്ചാൽ ഉദ്യോഗസ്ഥർ ഓടിയെത്തി പരിഹരിക്കും .സൊസെറ്റിപ്പടിയിൽ സ്ഥാപിച്ചിരുന്ന ലൈൻ എബി( എയർബ്രേക്ക് ) കമ്പനിയുടെ സമീപത്തുള്ള ട്രാൻസ് ഫോറിലേക്ക് മാറ്റി സ്ഥാപിച്ച് കമ്പനിയെ സഹായിക്കുകയായിരുന്നു ഉദ്യോഗസ്ഥർ . ഈ പ്രശ്‌നങ്ങൾ ഉന്നയിച്ച് നാട്ടുകാരും യുവജന സംഘടനകളും നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.പക്ഷെ കെ എസ് ഇ ബി കണ്ണു തുറന്നില്ല. വെെദ്യുതി മന്ത്രിക്ക് പരാതിനൽകാൻ ഒരുങ്ങുകയാണ് .നാട്ടുകാർ.