കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ളബും വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)യും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ 13 ന് തിരുവനന്തപുരത്ത് ചർച്ച നടക്കും. മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ വി. സലിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ട് കേഴിക്കോട്ടേയ്ക്ക് നീങ്ങുമെന്ന പ്രചരണത്തെ കുറിച്ച് അറിയില്ല. ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇത്തരം പ്രചരണങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അവരുടെ നിലപാട്. കരാർ വ്യവസ്ഥ പ്രകാരമുള്ള കാലയളവിൽ സ്റ്റേഡിയത്തിൽ സംഭവിച്ച കേടുപാടുകൾ ഇരുകൂട്ടരുടെയും സാന്നിദ്ധ്യത്തിൽ പരിശോധിച്ച് അധികൃതരെ ബോദ്ധ്യപ്പെടുത്തി. ഇത് ചെയ്തു തീർക്കാൻ ബ്ലാസ്റ്റേഴ്‌സ് ബാദ്ധ്യസ്ഥരാണ്. നാലാം സീസൺ വരെ ഇത്തരം കാര്യങ്ങൾ വീഴ്ച കൂടാതെ നടത്തിയിരുന്നതാണ്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പരിശീലനത്തിന് സൗജന്യമായാണ് ഗ്രൗണ്ട് വിട്ടു കൊടുത്തത്. എട്ട് മാസത്തോളം നീളുന്ന ലീഗ് മത്സരങ്ങൾക്കാണ് കൊച്ചി വേദിയാകുന്നത്. ബാക്കി കാലയളവിൽ ഏത് തരത്തിലുളള മത്സരങ്ങൾക്ക് ആളുകൾ സമീപിച്ചാലും സ്റ്റേഡിയം വിട്ടു നൽകുന്നതിൽ ജി.സി.ഡി.എക്ക് അതൃപ്തിയില്ല. സൗജന്യ പാസുകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് ജി.സി.ഡി.എ ഇനി മുതൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പാസുകൾ വാങ്ങില്ലെന്ന് തീരുമാനിച്ചു. ഇതുവരെ ലഭിച്ച പാസുകൾ ഒരോ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് പറഞ്ഞേൽപ്പിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.