കൊച്ചി: പ്രളയനാശനഷ്ടങ്ങളുടെ പുനർനിർമ്മാണത്തിന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായ രൂപകല്പന ആശയങ്ങൾ അവതരിപ്പിക്കാൻ ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ക്രിയേറ്റിവ് ആർട്‌സ് (ഐ.എസ്.സി.എ) കേരള ഡിസൈൻ ചലഞ്ച് സംഘടിപ്പിക്കുന്നു. ഡിസംബർ 12 മുതൽ 14 വരെ ഐ.ടി വകുപ്പ് കൊച്ചിയിൽ ഒരുക്കുന്ന കേരള ഡിസൈൻ വീക്ക് 2019 ന്റെ ഭാഗമായാണ് ഐ.എസ്.സി.എ മൽസരം സംഘടിപ്പിക്കുന്നത്.
ലേഖനം, പോസ്റ്റർ, പെയിന്റിംഗ്, ഫോട്ടോഗ്രാഫ്, ഹ്രസ്വചിത്രം തുടങ്ങിയവയിലൂടെ ആശയങ്ങൾ അവതരിപ്പിക്കാം. കേരള ഡിസൈൻ വീക്കിന്റെ വെബ്‌സൈറ്റിൽ ഈമാസം 30 വരെ ഡിസൈൻ ചലഞ്ചിനായി എൻറോൾ ചെയ്യാമെന്ന് ഐ.എസ്.സി.എ അക്കാഡമിക് മേധാവി ഡോ. മോഹൻ സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.