.
മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. 11, 12, 13 ദിവസങ്ങളിൽ മൂവാറ്റുപുഴ എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്‌കൂളിലും, ടൗൺ യു.പി,സ്‌കൂളിലുമാണ് കലോത്സവം . ഉപജില്ലയിലെ 56 സ്‌കൂളുകളിൽ നിന്നായി 1800 കലാകാരൻമാർമാറ്റുരയ്ക്കും. ഇന്നലെ രാവിലെ 9 ന് രജിസ്‌ട്രേഷൻ ആരംഭിച്ചു. തുടർന്ന് എസ്.എൻ.ഡി.പി.സ്‌കൂൾ മാനേജർ വി.കെ.നാരായണൻ പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി .ഇന്നലെ പെൻസിൽ, ജലച്ചായം, എണ്ണച്ചായം ,ചിത്രരചന ,മലയാളം കഥാരചന, കവിത രചന, ഉപന്യാസം , വേദി പത്തിൽ ഹിന്ദി, ഇംഗ്ലീഷ്, കഥാരചന, ഉപന്യാസ രചന കഥാ കഥനം, പദ്യം ചൊല്ലൽ , സംസ്‌കൃത സാഹിത്യോത്സവം, അറബി സാഹിത്യോത്സവം, ഉറുദു സാഹിത്യോത്സവംഎന്നിവ നടന്നു
11ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് കലോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യ ക്ഷത വഹിക്കും. വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.വിജയ സ്വാഗതം പറയും. തുടർന്ന് വേദി ഒന്നിൽ ഭരതനാട്യം, മോഹിനിയാട്ടം നടക്കും. വേദി രണ്ടിൽ മാർഗ്ഗംകളി, പരിചമുട്ട്, പൂരക്കളി, അറബനമുട്ട്, കോൽക്കളി, വട്ടപ്പാട്ട് എന്നിവനടക്കും. വേദി മൂന്നിൽ മലയാളം, കന്നട പ്രസംഗവും, അക്ഷരശ്ലോകവും, കാവ്യകേളിയും നടക്കും. വേദി നാലിൽ മാപ്പിളപ്പാട്ടും, വേദി അഞ്ചിൽ ലളിതഗാനവും, വേദി ആറിൽ അഭിനയഗാനം, പദ്യം ചൊല്ലൽ, ഇംഗ്ലീഷ് പ്രസംഗം, വേദി 14 ൽ ബാന്റ് മേളം മത്സരവും നടക്കും. ടൗൺ യു.പി.സ്‌കൂളിലെ വേദി ഏഴിൽ സംസ്‌കൃതോത്സവം . 12 ന് വേദി ഒന്നിൽ വഞ്ചിപ്പാട്ട്, കേരള നടനം, കുച്ചിപ്പുടി, തിരുവാതിര എന്നിവയും, വേദി രണ്ടിൽ ചവിട്ട് നാടകം, നാടോടി നൃത്തം, സംഘനൃത്തം, വേദി മൂന്നിൽ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, നാടൻ പാട്ട്, വേദി നാലിൽ മലയാളം പദ്യം ചൊല്ലലും നടക്കും. വേദി അഞ്ചിൽ സംഘഗാനവും, വേദി ആറിൽ ഹിന്ദി, കന്നട, തമിഴ് പദ്യം ചൊല്ലലും നടക്കും. ടൗൺ യു.പി.സ്‌കൂളിലെ വേദി ഏഴിൽ അറബി കലോത്സവം നടക്കും. 13 ന് വേദി ഒന്നിൽ മോണോആക്ട്, മിമിക്രി, മൂകാഭിനയം, ഇംഗ്ലീഷ് സ്‌കിറ്റ്, ഒപ്പന, വേദി രണ്ടിൽ കഥാപ്രസംഗം, നാടകം, വേദി മൂന്നിൽ ദേശഭക്തിഗാനം . വേദി നാലിൽ അഭിനയഗാനം, ഓട്ടൻ തുള്ളൽ, കഥകളി, വേദി അഞ്ചിൽ വയലിൻ, ഗിറ്റാർ, വീണ, ട്രിപ്പിൾ ജാസ്, തബല, മൃദംഗം, ഓടക്കുഴൽ, നാദസ്വരം, വൃന്ദവാദ്യം, മദ്ദളം, ചെണ്ട മേളം, പഞ്ചവാദ്യം എന്നിവ നടക്കും. വേദി ആറിൽ മാതൃഭാഷ മലയാളം എന്ന വിഷയത്തിൽ എൽ.പി.വിഭാഗം പ്രസംഗമത്സരം നടക്കും. ടൗൺ യു.പി.സ്‌കൂളിലെ വേദി ഏഴിൽ സംഘഗാനം, ഗസൽ ആലാപനം, പ്രസംഗം, പദ്യം ചൊല്ലൽ, ക്വിസ് എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ ചെയർമാനും, പ്രിൻസിപ്പാൾ കെ.കെ.ലത ജനറൽ കൺവീനറും, എ.ഇ.ഒ വിജയ ആർ ട്രഷററും, കെ.പി.ഗോപകുമാർ പ്രോഗ്രാം കൺവീനറുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തിക്കുന്നു.