കൊച്ചി: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം നവംബർ 14,15,16,17 തീയതികളിൽ മൂവാറ്റുപുഴ വാഴക്കുളത്ത് നടക്കും. വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്‌കൂളിലാണ് പ്രധാന വേദി. കോൺഫെഡറേഷൻ ഒഫ് കേരള സഹോദയ കോംപ്ലക്‌സിന്റേയും ഓൾ കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
1400 സി.ബി.എസ്.ഇ. സ്‌കൂളുകളിലെ എണ്ണായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 21 വേദികളിൽ അഞ്ച് വിഭാഗങ്ങളിൽ 144 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുക. കാർമൽ പബ്ലിക് സ്‌കൂളിന് പുറമെ ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചാവറ ഇന്റർനാഷണൽ അക്കാഡമി എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.
അടുത്ത വർഷം മുതൽ കലോത്സവ വിജയികൾക്ക് സി.ബി.എസ്. ഇ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ, കോൺഫഡറേഷൻ ഒഫ് സഹോദയ കോംപ്ലക്‌സ് ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏബ്രഹാം തോമസ്, എം.എൻ, സത്യദേവൻ, ഫാ. ബിജു വെട്ടുകല്ലേൽ ഡോ. സിജൻ പോൾ ഊന്നുകല്ലേൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.