കൊച്ചി: എറണാകുളം നഗരത്തിലെ ജനങ്ങളെ വെള്ളക്കെട്ടിന്റെ പേരിൽ ഇനി ബുദ്ധിമുട്ടിക്കരുതെന്നും പ്രശ്ന പരിഹാരത്തിനു യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിലാണ് സിംഗിൾ ബെഞ്ച് ഇതു പറഞ്ഞത്. നേരത്തെ നൽകിയ ഉത്തരവനുസരിച്ച് ജില്ലാ കളക്ടർ ഉൾപ്പെട്ട 14 അംഗ ഉന്നത തല സമിതിക്ക് രൂപം നൽകിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നഗരത്തിലെ കനാലുകൾ വൃത്തിയാക്കി പരിപാലിക്കാൻ ഉന്നത തല സമിതി നടപടിയെടുക്കണമെന്നും വെള്ളക്കെട്ടിനുള്ള പരിഹാര മാർഗ്ഗം ആലോചിക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
വെള്ളക്കട്ട് പ്രശ്നം പരിഹരിക്കാൻ നവംബർ നാലു വരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ഒക്ടോബർ 18 നും 23 നും നൽകിയ നിർദ്ദേശങ്ങളിൽ നടപടിയെടുത്തെന്ന് സർക്കാർ വിശദീകരിച്ചു. പേരണ്ടൂർ കനാലിൽ മാലിന്യം തള്ളുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും പ്രശ്ന പരിഹാരത്തിന് ഉന്നത തല സമിതിക്ക് രൂപം നൽകണമെന്നുമായിരുന്നു ഇടക്കാല ഉത്തരവുകൾ. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സർക്കാരും പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് നഗരസഭയും ഹൈക്കോടതിയിൽ വ്യക്തമാക്കി.
#ഹൈക്കോടതി നിർദ്ദേശങ്ങൾ