keezhmadu
കീഴ്മാട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിപക്ഷ മെമ്പർമാർ നടത്തിയ കുത്തിയിരിപ്പു സമരം

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കൊട്ടിഘോഷിച്ച് നടപ്പാക്കിയ 'ക്ളീൻകീഴ്മാട്' പദ്ധതി പാതിവഴിയിൽ മുടങ്ങിയതായി ആരോപിച്ച് പ്രതിപക്ഷ മെമ്പർമാർ ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.

2019-20 വാർഷിക പദ്ധതി പദ്ധതി പ്രകാരം 'ഹരിത കർമ്മ സേന' എന്ന പേരിൽ വനിതകളെ ഉൾപ്പെടുത്തി 40 രൂപ ഫീസ് ഈടാക്കിയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പദ്ധതി ആരംഭിച്ചത്. ആഗസ്റ്റിൽ ആഘോഷപൂർവ്വം ഉദ്ഘാടനവും നടത്തി. എന്നാൽ സെപ്തംബർ മാസം മാത്രമാണ് മാലിന്യം ശേഖരിച്ചത്. പിന്നീട് വീടുകളിൽ ശേഖരിച്ചുവച്ച മാലിന്യങ്ങൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. പദ്ധതി തുടർന്നുപോകാൻ സാധിക്കില്ലെന്നാണ് ഇപ്പോൾ ഭരണം പക്ഷം പറയുന്നത്.
2018ൽ കൃഷി വകുപ്പിൽ നിന്ന് ഒരുലക്ഷം രൂപ അനുവദിച്ച് തുടക്കം കുറിച്ച ഇക്കോ ഷോപ്പിലാണ് വിവിധ വാർഡുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഇതുമൂലം ഇക്കോഷോപ്പിന്റെ പ്രവർത്തനവും നിലച്ചു. ഹരിത കർമ്മസേനയിലെ വനിതകൾക്ക് ഇതുവരെ വേതനവും നൽകിയിട്ടില്ല. പദ്ധതി ഉടൻ പുനരാരംഭിക്കണമെന്നും ഇക്കോ ഷോപ്പ് മാലിന്യമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി. എഫ് മെമ്പർമാർ കുത്തിയിരിപ്പു സമരം നടത്തിയത്. ഒരാഴ്ച്ചക്കുള്ളിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കൽ പുനനാരംഭിക്കാമെന്നും ഇക്കോഷോപ്പിലെ മാലിന്യം നീക്കം ചെയ്യാമെന്നും പ്രസിഡന്റ് കെ.എ. രമേശ് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരിക്കുന്നത്ഇക്കോ ഷോപ്പിൽ

ഇക്കോഷോപ്പിന്റെ പ്രവർത്തനം നിലച്ചു.

ഹരിത കർമ്മസേനയിലെ വനിതകൾക്ക് വേതനമില്ല