ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനുമെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. കഴിഞ്ഞ നാല് വർഷമായി പഞ്ചായത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ ഒന്നും പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.

കുറ്റപത്രം

പണി പൂർത്തീകരിച്ച് മാസങ്ങളായിട്ടും പൊതുശ്മശാനം തുറന്നിട്ടില്ല. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണ പദ്ധതി അവതാളത്തിലാക്കി. വ്യവസായ മേഖലയിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ നികുതി നിശ്ചയിച്ച് പിരിക്കാനുള്ള തീരുമാനം അട്ടിമറിച്ചു. വെള്ളകെട്ട് പരിഹരിക്കാൻ പഞ്ചായത്തിലെ പരമ്പരാഗത തോടുകൾ ആഴംകൂട്ടാനുള്ള തീരുമാനം നടപ്പാക്കിയില്ല. നിർദ്ധനർക്കുള്ള ഭവന പദ്ധതിയും നടപ്പാക്കുന്നില്ല. കൊട്ടിഘോഷിച്ച പ്ലാസ്റ്റിക് നിരോധനവും വെറുതെയായി. ശുചിത്വ മിഷൻ അനുവദിച്ച 12 ലക്ഷം രൂപ പാഴാക്കി. മാത്രമല്ല, പിഴ അടക്കേണ്ട സ്ഥിതിയിലുമായി. ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള വാഹനത്തിനായി ലഭിച്ച 15 ലക്ഷം രൂപ പാഴാക്കി

ഭരണപക്ഷം ജനങ്ങളെ പാടെ മറന്നെന്ന് അവിശ്വാസ നോട്ടീസ് നല്കായ പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ് ആരോപിച്ചു. യു.ഡി.എഫിന്റെ എട്ട് അംഗങ്ങളാണ് നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്. എൽ.ഡി.എഫിന് 10 ഉം, ബി.ജെ.പിക്ക് മൂന്നും അംഗങ്ങളുണ്ട്. 15 ദിവസത്തിനുള്ളിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ അവിശ്വാസം ചർച്ചക്കെടുക്കും. ബി.ജെ.പി അംഗങ്ങൾ പിന്തുണച്ചാൽ അവിശ്വാസം പാസാകും.

ആരോപണം അടിസ്ഥാനരഹിതമെന്ന് ഭരണപക്ഷം

കടുങ്ങല്ലൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം രാഷ്ട്രീയ മുതലെടുപ്പ് മാത്രം മുന്നിൽകണ്ടാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് ആരോപിച്ചു.

. മുൻ ഭരണസമിതി ശ്മശാനത്തിനു വേണ്ടി കല്ലിടൽ മാമാങ്കം നടത്തിയ സ്ഥലം ഈ ഭരണസമിതി വന്നതിനു ശേഷമാണ് സർക്കാരിൽ നിന്നും അളന്നു തിട്ടപ്പെടുത്തി ലഭ്യമാക്കിയത്. 2018 ൽ പണി പൂർത്തീകരിച്ചെങ്കിലും മഹാപ്രളയത്തിൽ നാശനഷ്ടമുണ്ടായി. പുതുക്കി പണിത് ജനങ്ങൾക്ക് തുറന്നു കൊടുക്കും
കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയതിനായി പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കി എം.എൽ.എയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ഫണ്ട് അനുവദിക്കാൻ സമ്മതിയ്ക്കുന്നില്ലെന്നാണ് എം.എൽ.എ പറയുന്നത്. 2018 ൽ അന്നത്തെ എം.പി കെ.വി തോമസ് ഫണ്ട് അനുവദിച്ചപ്പോഴും ഇക്കൂട്ടർ തടസ്സം നിന്നു.
കോൺഗ്രസ്സിൻറെ മണ്ഡലം പ്രസിഡന്റായ കരാറുകാരൻ വിവിധ വാർഡുകളിലായി എഴ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. സർക്കാരിൻറെ ലൈഫ് പദ്ധതി പ്രകാരം 1,72,00,000 രൂപ ഇതിനകം ചെലവഴിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.