കൊച്ചി: ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്ത്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള 18 സംസ്ഥാനങ്ങളുടെ റാങ്കിംഗിൽ മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. തമിഴ്നാട്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിൽ. ടാറ്റാ ട്രസ്റ്റ്‌സിന്റെ ഇന്ത്യ ജസ്റ്റീസ് റിപ്പോർട്ട് 2019 ന്റെ ഭാഗമായാണ് റാങ്കിംഗ് നടത്തിയത്.
ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ഏഴു സംസ്ഥാനങ്ങളുടെ റാങ്കിംഗിൽ ഗോവയാണു മുന്നിൽ. സിക്കിം, ഹിമാചൽ പ്രദേശ് എന്നിവ തൊട്ടു പിന്നിലുണ്ട്.
നീതി നിർവഹണ മേഖലയിലെ നാലു മുഖ്യ വിഭാഗങ്ങളായ പൊലീസ്, ജുഡീഷ്യറി, ജയിൽ, നിയമ സഹായം എന്നിവയുമായി ബന്ധപ്പെട്ട ആധികാരിക സർക്കാർ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നര വർഷം നടത്തിയ ഗവേഷണത്തിന് ശേഷമാണ് ഇന്ത്യ ജസ്റ്റീസ് റിപ്പോർട്ട് പുറത്തിറക്കിയത്.
പൊലീസ്, ജയിൽ, ജുഡീഷ്യറി, നിയമസഹായം എന്നിവയിൽ സേവനമനുഷ്ഠിക്കാനുള്ളവരുടെ ഒഴിവുകൾ
ഏതാണ്ട് പൂർണ്ണമായും നികത്താനായതാണ് കേരളത്തെ രണ്ടാം സ്ഥാനത്തെത്തിച്ചത്.
അതേസമയം, ക്വാട്ടകൾ സംബന്ധിച്ച മാനദണ്ഡം പാലിക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ആയിട്ടില്ല. നീതിനിർവഹണ സംവിധാനത്തിൽ വനിതകളുടെ പ്രാതിനിധ്യവും കുറവാണ്.
50,000 ആളുകൾക്ക് ഒരു ജഡ്ജി എന്ന നിലയിൽ കേരളത്തിൽ ജൂഡിീഷ്യറി സഹായം ലഭ്യമാകുന്നു
ജയിലിലെ മെഡിക്കൽ ഓഫീസർമാരുടെ കുറവ് 50 ശതമാനം
ജയിലിലെ തിരുത്തൽ ജീവനക്കാരുടെ എണ്ണം പൂർണം
പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അനുവദിക്കപ്പെട്ട അംഗബലത്തിന് തുല്യം
സിവിൽ പൊലീസ് ഓഫീസർമാരുടെയും ഓഫീസർ തലത്തിലുള്ളവരുടെയും ഒഴിവുകൾ നികത്തി