ആലുവ: യാത്രക്കാരനോട് മോശമായി പെരുമാറിയ സംഭവത്തിൽ ഓട്ടോറിക്ഷയുടെ പെർമിറ്റ് റദ്ദാക്കിയേക്കും. പരാതിയിൽ വാസ്തവമുണ്ടെന്ന് ബോദ്ധ്യമായ സാഹചര്യത്തിൽ ജോയിന്റ് ആർ.ടി.യ്ക്ക് പൊലീസ് റിപ്പോർട്ട് നൽകുമെന്നറിയുന്നു.

പൊലീസ് നേരിട്ട് കേസെടുത്താൽ 500 രൂപയുടെ പിഴ ചുമത്താനെ കഴിയൂ. എന്നാൽ, പെർമിറ്റ് റദ്ദാക്കപ്പെട്ടാൽ പിന്നീട് പുതുക്കാൻ അപേക്ഷിക്കുമ്പോൾ വാഹന വകുപ്പ് പൊലീസിന്റെ റിപ്പോർട്ട് ആവശ്യപ്പെടും. ഇതും ഓട്ടോ ഡ്രൈവർക്ക് കുരുക്കാകും.റെയിൽവേ സ്‌റ്റേഷൻ സ്‌ക്വയറിൽ കഴിഞ്ഞ ഞായറാഴ്ച്ച ഫിസിയോതെറാപ്പിസ്റ്റായ ഡോ. ആഷിഖ് ഹൈദർ അലിക്കാണ് ദുരനുഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ജില്ല മോട്ടോർ വാഹന വകുപ്പ് മേധാവി, ആലുവ പൊലീസ് എന്നിവർക്ക് പരാതി നൽകിയത്.
ഞായറാഴ്ച്ച വൈകീട്ട് 6.10ന് ആലപ്പുഴ ചെന്നൈ എക്‌സ് പ്രസിൽ വന്നഡോക്ടറും ഭാര്യയും, കൈക്കുഞ്ഞിനോടൊപ്പം ഓരോ ഓട്ടോ ഡ്രൈവർമാരെയും വിളിച്ചെങ്കിലും എല്ലാവരും ഒരുപോലെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് ഏറ്റവും ആദ്യം പാർക്ക് ചെയ്ത കെ.എൽ 41 എം 32 എന്ന ഓട്ടോയിൽ കയറാൻ നോക്കുമ്പോൾ, ഓട്ടം പോകുവാൻ ചോദിച്ച് കയറിയ മറ്റൊരു യാത്രക്കാരെ പിടിച്ച് വലിച്ച് ഇറക്കുന്ന കാഴ്ച്ചയാണ് കണ്ടത് . തുടർന്നാണ് ഈ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ പരാതി നൽകിയത്.