ആലുവ: അശോകപുരം സെൻറ് ഫ്രാൻസിസ് ഡി അസിസി സീനിയർ സെക്കൻഡറി സ്‌കൂളിൽ കേരള പൊലീസ് ജനമൈത്രി സ്ത്രീ സുരക്ഷാ പദ്ധതിയായ സ്ത്രീ സുരക്ഷാ സ്വയം രക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി പെൺകുട്ടികൾക്ക് ബോധവത്കരണ ക്ലാസും സ്വയം രക്ഷക്ക് വേണ്ടിയുള്ള പരിശീലനവും നൽകി. ആലുവ വനിത സെല്ലിലെ സബ് ഇൻസ്‌പെക്ടർ എ.എസ്.ഉഷ, സൈക്കോളജിസ്റ്റ് മേരി കുര്യൻ, എം.ആർ.സിന്ധു, വി.ജെ.ജിഷ ദേവി എന്നിവർ ക്ലാസിനും പരിശീലനത്തിനും നേതൃത്വം നൽകി.
അമൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു
ആലുവ: സി.ബി.എസ്.ഇ ജില്ല കലോത്സവത്തിൽ കാറ്റഗറി ഒന്നും രണ്ടും വിഭാഗങ്ങളിൽ സെക്കൻറ് റണ്ണർ അപ്പ് സ്ഥാനവും ഓവറോൾ ഒമ്പതാം സ്ഥാനവും നേടിയ അമൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളെ സ്‌കൂൾ പി.ടി.എയും മാനേജ്‌മെൻറും അഭിനന്ദിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ് ടീച്ചർ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ വ്യകതിത്വ വികാസത്തിന് അനിവാര്യമാണെന്ന് അവർ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എം.എ മൂസ, അബ്ദുൽ ജലീൽ, അബ്ദുൽ സലാം, അബൂബക്കർ ഫാറൂഖി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രിൻസിപ്പൽ റസിയ ചാലക്കൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ സബീല അനൂബ് നന്ദിയും പറഞ്ഞു.
മെഗാ രക്തദാന ക്യാമ്പ്
നെടുമ്പാശേരി: പാറക്കടവ് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെയും നാഷണൽ സർവ്വീസ് സ്‌കീമിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് റോജി.എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ആലുവ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.ആർ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി എ.എൻ വിപിനേന്ദ്രകുമാർ സന്ദേശം നൽകി. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.ബി ചന്ദ്രശേഖര വാര്യർ, ബ്‌ളോക്ക് പഞ്ചായത്തംഗം സംഗീത സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റീന രാജൻ, വൈസ് പ്രസിഡൻറ് സി.എൻ മോഹനൻ, ജി. ഗോകുൽദേവ്, വി.ജി രാജഗോപാൽ, ബീന ശങ്കർ, പി.കെ ശോഭ, ഇ.ആർ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.