മൂവാറ്റുപുഴ: കൊച്ചിധനുഷ്‌കോടി ദേശീയ പാതയിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കക്കടാശ്ശേരി മുതൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മറ്റക്കുഴി വരെയുള്ള റോഡ് നവീകരണത്തിന് 45കോടി രൂപ ദേശീയപാത അതോറിറ്റിയിൽ നിന്നും അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. കക്കടാശ്ശേരിയിൽ നിന്നും ആരംഭിച്ച് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മറ്റക്കുഴിയിൽ അവസാനിക്കുന്ന 25 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനാണ് തുക.. നേരത്തെ റോഡിന്റെ മറ്റൊരു ഭാഗമായ കക്കടാശ്ശേരി മുതൽ ഇരുമ്പുപാലം വരെ റോഡ് നവീകരണത്തിന് ദേശീയ പാത അതോറിറ്റിയിൽ നിന്നും 52 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ഇതിന്റെ തുടർച്ചയായിട്ടാണ് കക്കടാശ്ശേരി മുതൽ മറ്റക്കുഴി വരെയുള്ള നവീകരണത്തിന് 45 കോടി രൂപ അനുവദിച്ചിരിക്കുന്നത്. എം.സി.റോഡിലെ നെഹ്രുപാർക്ക് വരെയും, വെള്ളൂർകുന്നം സിഗ്‌നൽ ജംഗ്ഷൻ മുതൽ മറ്റക്കുഴി വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. റോഡിന്റെ പലഭാഗങ്ങളും 2018, 2019പ്രളയത്തെ തുടർന്ന് തകർന്നു . റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണ് അപകടം സൃഷ്ടിക്കുന്നത് പതിവായിരുന്നു. ദേശീയ പാത അതോറ്റി പലഭാഗങ്ങളിലും അറ്റകുറ്റപ്പണികൾ നടത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. എൽദോ എബ്രഹാം എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ഇന്നലെ നിയമസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് റോഡിന് തുകഅനുവദിച്ചതായി അറിയിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.
മൂവാറ്റുപുഴപുനലൂർ റോഡിന്റെ ഭാഗമായ മൂവാറ്റുപുഴ പി.ഒ.ജംഗ്ഷൻ മുതൽ നിയോജക മണ്ഡലാതിർത്തിയായ വാഴക്കുളം അച്ചൻകവല വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 10കോടി രൂപ അനുവദിച്ചിട്ടുണ്ടന്ന് എൽദോ എബ്രഹാം എ.എൽ.എ പറഞ്ഞു.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
ടാറിംഗ് ബി.എം, ബിസി നിലവാരത്തിൽ
വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഓടകൾ
നിലവിലെ ഓടകൾ നവീകരിക്കും
ഇരുവശങ്ങളിലും റിഫ്‌ളക്‌സ് ലൈറ്റുകൾ
ദിശാബോർഡുകളും, അപകട മുന്നറിയിപ്പ് ബോർഡുകളും
അനുവദിച്ചത് 45കോടി രൂപ