പറവൂർ : ഓരുജല ഭീഷണിയുള്ള പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര – കോഴിത്തുരുത്ത് മണൽ ബണ്ട് നിർമ്മാണം വൈകും. മണൽ ബണ്ട് നിർമിക്കുന്നതിനാവശ്യമായ ഡ്രഡ്ജർ ആലപ്പുഴയിൽ നിന്നും പുറപ്പെട്ടെങ്കിലും കെട്ടിവലിച്ചു കൊണ്ടുവന്ന ബോട്ട് തണ്ണീർമുക്കത്ത് വച്ചു തകരാറിലായി. പകരം ബോട്ട് ലഭ്യമായിട്ടില്ലെന്നാണ് മേജർ ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ വിഭാഗം അറിയിച്ചത്. ശക്തമായ വേലിയേറ്റമുണ്ട്. മഴപെയ്തില്ലെങ്കിൽ വൈകാതെ പെരിയാറിൽ നിന്നും ചാലക്കുടിയാറിലേക്ക് ഓരുജലമെത്തും. പൊയ്യ, മാള, കുഴൂർ, പാറക്കടവ്, കുന്നുകര, അന്നമനട എന്നീ സമീപപഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമവും കൃഷിനാശവുമുണ്ടാകും. തണ്ണീർമുക്കത്ത് നിന്നും ഡ്രഡ്ജർ പുറപ്പെട്ടാൽ ഒരാഴ്ചയെടുക്കും കണക്കൻകടവിലെത്താൻ. ഡ്രഡ്ജർ എത്തിയാൽ മണൽ ബണ്ട് നിർമ്മാണത്തിന് രണ്ടാഴ്ചയോളം വേണ്ടിവരും

ഉപ്പുവെള്ളം കയറിയാൽ പഞ്ചായത്ത് നിവാസികളുടെ കുടിവെള്ളം മുട്ടും.

കാർഷികമേഖല ദുരിതത്തിലാകും.