കൊച്ചി: "എന്നെ തല്ലേണ്ട, പേടിപ്പിച്ചാൽ മതി. ഞാൻ നന്നായിക്കോളാം" എന്ന് സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പറഞ്ഞതു പോലെയാണ് ഇപ്പോൾ എറണാകുളത്തെ പൊതുമരാമത്ത് വകുപ്പ്. രണ്ടുവർഷമായി കണ്ടിട്ടും കാണാത്ത മട്ടിൽ ഉദ്യോഗസ്ഥർ കടന്നുപോയ കുഴി ഒറ്റ വെളുപ്പിനെ അടച്ചുതീർത്തു. കുഴിയിൽ വീണ് കിടപ്പിലായ പവിത്രയുടെ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നൽകിയ വാർത്തയാണ് കുഴിയടച്ച് നന്നാകാൻ പൊതുമരാമത്ത് വകുപ്പിനെ പ്രേരിപ്പിച്ചത്.

ലിസി ജംഗ്ഷനിൽ റിസർവ് ബാങ്കിന് മുന്നിലെ റോഡരികത്തെ ചതുരക്കുഴിയാണ് ഇന്നലെ രാവിലെ തന്നെ തൽക്കാലത്തേക്ക് അടച്ചത്. മാൻഹോൾ മൂടി​ ഉയർത്തി​യുള്ള പണി​ ഉടനെ തന്നെ ചെയ്യും.

കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി രണ്ടുവർഷം മുമ്പ് ഈ ഭാഗത്തെ റോഡുകൾ നവീകരിച്ച് റോഡുകൾ പി.ഡബ്ല്യൂ.ഡിയ്ക്ക് കൈമാറിയിരുന്നു. മാൻഹോൾ താഴ്ന്നത് പി.ഡബ്ല്യൂ.ഡി അധികൃതർ അറിഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്തിരുന്നില്ല. അങ്ങനെ കുഴിയിൽ വീണാണ് ഇടപ്പള്ളിയിൽ ഇസ്തിരിജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാരൻ മുരുകന്റെ മകളായ പവിത്ര കിടപ്പിലായത്. ഒരുമാസമായി പോണ്ടിച്ചേരിയിൽ ചികിത്സയിലാണ് ഈ യുവതി. എന്തായാലും കുഴിയടച്ചുവെന്ന് കേട്ട പവിത്രയ്ക്ക് വേദനയ്ക്കിടയിലും തന്റെ അവസ്ഥ മറ്റൊരാൾക്ക് വരില്ലല്ലോ എന്ന സന്തോഷം. ഇത് കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ മകളെ ഈ അവസ്ഥയിൽ കാണേണ്ടി വരില്ലായിരുന്നല്ലോയെന്ന് മുരുകന്റെ നെടുവീർപ്പ്.

നഗരത്തിലെ അപകടാവസ്ഥയിലുള്ള മാൻഹോളുകളെല്ലാം നന്നാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പൊതുമരാമത്ത്. എത്രയും നേരത്തെ ആയാൽ ആളുകളുടെ ജീവനും ജീവിതവും രക്ഷപ്പെടുമെന്ന് നഗരവാസികളും.