കൊച്ചി: പാറമടകളിൽ അനുവദിച്ചതിലുമധികം ഖനനം നടത്തുന്നത് തടയാൻ ജില്ലാ കളക്ടർ എസ്. സുഹാസ് സ്ക്വാഡുകൾ രൂപീകരിച്ചു. ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ റവന്യൂ ഡിവിഷനുകൾക്കു കീഴിലുള്ള വില്ലേജുകളിലെ പാറമടകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് രണ്ട് സ്ക്വാഡുകളുണ്ടാകും. സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമുള്ള പാറമടകൾ നിരീക്ഷിക്കും. ഫോർട്ടുകൊച്ചി സബ് കളക്ടറും മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറുമാണ് സ്ക്വാഡുകൾ നിയന്ത്രിക്കുക.
പൊലീസ്, ഫയർഫോഴ്സ്, വനം, മൈനിംഗ് ആൻഡ് ജിയോളജി, പൊല്യൂഷൻ കൺട്രോൾ ബോർഡ് അധികൃതരും ബന്ധപ്പെട്ട തഹസിൽദാർമാരുമാണ് സ്ക്വാഡിലെ അംഗങ്ങൾ. സ്ക്വാഡ് ലീഡർമാർ ബന്ധപ്പെട്ട ഡിവിഷനുകളിലെ താലൂക്കുകളിൽ ഈ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിക്കും. ആഴ്ചയിൽ രണ്ടു തവണ പാറമടകൾ പരിശോധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.