lpgterminal
പുതുവൈപ്പിനിലെ എൽ.പി.ജി ടെർമിനൽ പ്രദേശം

കൊച്ചി : പുതുവൈപ്പിനിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) നിർമ്മാണം ആരംഭിച്ച പാചകവാതക (എൽ.പി.ജി) ഇറക്കുമതി ടെർമിനൽ പദ്ധതിയ്ക്കെതിരെ വീണ്ടും കരുനീക്കം. കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികൾ അംഗീകരിച്ച പദ്ധതിയെക്കുറിച്ച് ആശങ്ക പരത്താൻ ഹൈദരാബാദിലെ ഫൗണ്ടേഷൻ രംഗത്തെത്തി. ഫൗണ്ടേഷൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നന്ന് ഐ.ഒ.സി അറിയിച്ചു.

എൽ.പി.ജി ഇറക്കുമതി ടെർമിനൽ പദ്ധതിക്ക് അപകടസാദ്ധ്യത കൂടുതലാണെന്ന് ഹൈദരാബാദിലെ സെറാന ഫൗണ്ടേഷൻ മേധാവി സാഗർ ധാര ആരോപിക്കുന്നു. അപകടമുണ്ടായാൽ വലിയ പ്രദേശത്തെ ബാധിക്കും. കേന്ദ്ര സർക്കാർ സ്ഥാപനം നടത്തിയ സുരക്ഷാപഠനം തെറ്റാണെന്നാണ് സാഗർ ധാര അവകാശപ്പെട്ടത്.

# വസ്തുതാവിരുദ്ധം : ഐ.ഒ.സി

സെറാന ഫൗണ്ടേഷന്റെ റിപ്പോർട്ട് ഐ.ഒ.സി തള്ളിക്കളഞ്ഞു. പദ്ധതിയ്ക്കെതിരായ സമരത്തെ സഹായിക്കാനും ജനങ്ങളിൽ ആശങ്ക വിതച്ച് പ്രതിഷേധം സൃഷ്ടിക്കാനുമാണ് ശ്രമമെന്ന് ഐ.ഒ.സി വക്താവ് അറിയിച്ചു.

അപകടസാദ്ധ്യതയും പരിസ്ഥിതി ആഘാതവും വിശദമായി പഠിച്ചാണ് പറിപ്പോർട്ട് തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രോജക്ട് ആൻഡ് ഡവലപ്മെന്റ് ഇന്ത്യാ ലിമിറ്റഡാണ് (പിഡിൽ) 2010 ൽ പഠനം നടത്തിയത്. 2009 ൽ പൊതുജനങ്ങളിൽ നിന്നുൾപ്പെടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പരിഗണിച്ചിരുന്നു. 210 പെട്രോളിയം, ഗ്യാസ് പദ്ധതികളുടെ അപകടസാദ്ധ്യത പഠിച്ച് റിപ്പോർട്ട് ചെയ്ത കമ്പനിയാണിത്. പദ്ധതികളെല്ലാം ഇപ്പോഴും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ട്. പിഡിൽ റിപ്പോർട്ട് വിലയിരുത്തിയാണ് പദ്ധതിക്ക് വിവിധ ഏജൻസികൾ അംഗീകാരം നൽകിയത്.

# അനുമതി നൽകിയ ഏജൻസികൾ

സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.

കേരള തീരദേശ പരിപാലന അതോറിറ്റി.

കേന്ദ്ര പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷൻ.

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാമാറ്റ വകുപ്പ്.

ദേശീയ ഹരിത ട്രൈബ്യൂണൽ.

# സെറാന ആധികാരികമല്ലെന്ന്

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അക്രഡിറ്റേഷൻ സെറാന ഫൗണ്ടേഷനില്ല. പിഡിലിന്റെ പഠനറിപ്പോർട്ടിനെ ചോദ്യം ചെയ്യാനുള്ള ആധികാരികതയോ അംഗീകാരമോ സെറാനയ്ക്കില്ല. പൊതുജനങ്ങളുടെ അഭിപ്രായം കേട്ട് തയ്യാറാക്കിയ റിപ്പോർട്ട് കളക്ടർ, ജില്ലാ വ്യവസായകേന്ദ്രം, കൊച്ചി കോർപ്പറേഷൻ, എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്, സാങ്കേതിക പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയ്ക്ക് സമർപ്പിച്ചിരുന്നു.

ജനങ്ങളിൽ നിന്ന് തെളിവെടുത്ത് തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പിനും സമർപ്പിച്ചിരുന്നു. ബന്ധപ്പെട്ട മുഴുവൻ ഏജൻസികളുടെ അംഗീകാരം ലഭിച്ചശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആധികാരികമായ റിപ്പോർട്ട് ചോദ്യം ചെയ്യാനുള്ള ശേഷി സെറാന ഫൗണ്ടേഷനില്ല.

# ഗൗരവമില്ലാത്ത പഠനം

പഠനത്തിന് സെറാന ഉപയോഗിച്ച അലോഹ എന്ന സോഫ്‌റ്റ്‌വെയർ ഗൗരവമുള്ളതും പ്രൊഫഷണലുമായ പഠനങ്ങൾക്ക് ഉപയോഗിക്കുന്നതല്ല. ഏറ്റവും മികച്ചതും സ്വീകാര്യതയുള്ളതും ആധികാരികവുമായ സേഫ്‌റ്റി എന്ന സോഫ്‌റ്റ്‌വെയറാണ് പിഡിൽ ഉപയോഗിച്ചത്.

ഐ.ഒ.സി അധികൃതർ

# സെറാനയുടെ കണ്ടെത്തൽ

അപകടസാദ്ധ്യതാ മേഖല മൂന്നര കിലോമീറ്റർ വരെ.

ഇറക്കുമതി ജെട്ടിയിൽ നിന്ന് 2.8 കിലോമീറ്റർ പൈപ്പ്ലൈനിൽ ചോർച്ചയുടെ സാദ്ധ്യത ഐ.ഒ.സി പഠിച്ചിട്ടില്ല.

പദ്ധതിയുടെ പരമാവധി അപകടസാദ്ധ്യത 50 ചതുരശ്ര കിലോമീറ്റർ വരെ. ഐ.ഒ.സിയുടെ കണക്ക് രണ്ടര ചതുരശ്ര കിലോമീറ്റർ.

സമീപത്തെ പെട്രോനെറ്റ് എൽ.എൻ.ജി., ക്രൂഡ് ഓയിൽ സംഭരണശാല എന്നിവയ്ക്കുള്ള ഭീഷണി പഠിച്ചിട്ടില്ല.

ഫോർട്ടുകൊച്ചി, വൈപ്പിൻ പ്രദേശങ്ങൾ വരെ അപകടമേഖലയിൽ.