കിഴക്കമ്പലം: വഴിയാത്രക്കാരനെ കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന് തെളി​ഞ്ഞു. .സമീപത്തെ ക്രഷറിലെ ജീവനക്കാരനായ മണിക്കാണ് (50) ചൊവ്വാഴ്ച വൈകിട്ട് നാലി​ന് കടിയേ​റ്റത്. ക്രഷറിൽ നിന്നും തിരിച്ച് വീട്ടിലേക്ക് പോകും വഴി സമീപത്തെ വീട്ടിൽ വളർത്തുന്ന നായയാണ് കടിച്ചത്. നായ രാത്രിയോടെ ചത്തു. തുടർന്ന് മണ്ണുത്തി വെ​റ്റിറി​നറി കോളജിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധയുള്ളതായി കണ്ടെത്തിയത്. മണിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടിയേ​റ്റ ഭാഗത്ത് പ്ലസ്​റ്റിക് സർജറി നടത്തി. മലയിടംതുരുത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രേമാനന്ദന്റെ നേതൃത്വത്തിൽ നായയുടെ ശിരസ് പോസ്റ്റ് മോർട്ടത്തിനായി മണ്ണുത്തി വെ​റ്റിനറി കോളജിൽ എത്തിച്ചു. പരിശോധനയിൽ നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. പേ വിഷബാധയുള്ളനായ മ​റ്റു രണ്ടു നായ്ക്കളെയും കടിച്ചിട്ടുണ്ട്. പ്രദേശവാസികൾ ഭയാശങ്കയിലാണ്. നായയുമായി അടുത്തിടപഴകിയ യുവതിയും ആശുപത്രിയിൽ ചികിത്സ തേടി.

പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ്പിനായി മലയിടംതുരുത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ഹെൽത്ത് സെന്റർ അധികൃതർ അറിയിച്ചു.