വൈപ്പിൻ: മുനമ്പം ഗവ. ആശുപത്രിയിൽ ഫാർമസിസ്റ്റിന്റെ സേവനം ലഭിക്കുന്നില്ലെന്നാരോപിച്ച് പള്ളിപ്പുറം ജനകീയ സമിതി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ടി.ആർ. ദേവൻ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ വി.എക്‌സ്. ബെനഡിക്ട്, ടി.ജി. വിജയൻ, കെ.കെ. അബ്ദുൾ റഹ്മാൻ, മണിയപ്പൻ കണ്ണങ്ങനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ആശുപത്രിയിലെ ഫാർമസിസ്റ്റ് പ്രസവാവധിയിൽ പോയതിനെ തുടർന്ന് പകരക്കാരനെ മുനമ്പത്ത് ലഭിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി അറിയിച്ചു. ഒഴിവ് നികത്തുന്നതിന് കാലതാമസമുണ്ടാകുമെന്നതിനാൽ ബ്ലോക്ക് പഞ്ചായത്തിന്റെ ചെലവിൽ താത്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വരുന്ന തിങ്കളാഴ്ചയാണ് അവസാന തീയതി. ഇതിനു ശേഷം ഇന്റർവ്യൂ നടത്തി ഫാർമസിസ്റ്റിനെ നിയമിക്കും. ഇതെല്ലാം അറിയാവുന്നവർ തന്നെയാണ് സമരവുമായി ഇറങ്ങിയിട്ടുള്ളതെന്നും ഡോ. ജോഷി ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമഫലമായി 55 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.