കൊച്ചി : തീരപരിപാലനനിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റുകൾ നിർമ്മിച്ചു വിറ്റ് തട്ടിപ്പുനടത്തിയെന്ന കേസിൽ പ്രതിയായ ആർക്കിടെക്‌ട് കെ.സി. ജോർജിന് എറണാകുളം സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഹൈക്കോടതിയിൽ ഹർജി നൽകി. മരടിലെ ഫ്ളാറ്റ് നിർമ്മാതാക്കളായിരുന്ന ആൽഫ വെഞ്ച്വേഴ്സിന്റെ ഡയറക്ടറും ഒന്നാം പ്രതിയുമായ പോൾരാജിനൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കടവന്ത്ര ഗിരിനഗർ സ്വദേശിയായ കെ.സി. ജോർജിനെതിരെയുള്ള കേസ്.
ആൽഫ വെഞ്ച്വേഴ്സിന്റെ ഫ്ളാറ്റ് നിർമ്മാണത്തിനായി കെ.സി. ജോർജ് 2006 ഏപ്രിൽ 28ന് മരട് പഞ്ചായത്തിൽ നൽകിയ ഡ്രോയിംഗുകളിൽ വേമ്പനാട് കായൽതീരത്താണ് നിർമ്മാണമെന്ന് മറച്ചുവച്ചെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. തീരപരിപാലന നിയമപ്രകാരം നിർമ്മാണം സാദ്ധ്യമാകാത്ത സ്ഥലത്താണ് നിർമ്മാണമെന്നത് മന:പൂർവം മറച്ചുവെച്ചാണ് കെ.സി. ജോർജ് ഡ്രോയിംഗും സ്കെച്ചും തയ്യാറാക്കി നൽകിയത്. കൈയേറ്റമുൾപ്പെടെയുള്ള ചതുപ്പുനിലമാണിതെന്ന കാര്യവും മറച്ചുവച്ചു. നിർമ്മാണത്തിന് വിലക്കുള്ള സി.ആർ.ഇസഡ് മൂന്നിൽ ഉൾപ്പെടുന്ന ഭൂമിയാണിതെന്ന് അറിഞ്ഞുകൊണ്ടുതന്നെ ബിൽഡർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കെ.സി. ജോർജ് ഗൂഢാലോചന നടത്തിയെന്നും ഇയാളെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുയെന്നും ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ പറയുന്നു.
തീരപരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകൾ നിർമ്മിച്ചുനൽകി തങ്ങളെ പറ്റിച്ചെന്നാരോപിച്ച് ഫ്ളാറ്റ് വാങ്ങിയവർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കെ.സി. ജോർജിനെ പ്രതിയാക്കിയെങ്കിലും ഒക്ടോബർ 30 ന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. ഇതു റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.