തൃക്കാക്കര: തേവര പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. കനാലിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിൽ നടപടി സ്വീകരിക്കാനുളള ഹൈക്കോടതി നിർദ്ദേശത്തെതുടർന്നാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ. 2005 ദുരന്തനിവാരണ നിയമത്തിലെ വിവിധ ചട്ടങ്ങൾ പ്രകാരം കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും മുൻസിപ്പാലിറ്റി നിയമപ്രകാരവും നടപടി സ്വീകരിക്കും. കനാലിൽ മാലിന്യം വലിച്ചെറിയുന്നതും, മലിനജലം ഒഴുക്കുന്നതും കുറ്റകരമാണ്. പൈപ്പിലൂടെ മഴവെളളം പൊതു ഓടകളിലേക്കോ വഴിവക്കിലേക്കോ ഒഴുക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. വെളളക്കെട്ടും കുടിവെളള സ്രോതസുകൾ മലിനമാകുന്നതും തടയുന്നത് ലക്ഷ്യമിട്ടാണ് കർശന നടപടി. ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 22 (2) (h) പ്രകാരം ഉത്തരവ് നടപ്പിലാക്കാൻ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ അധികാരപ്പെടുത്തി. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കി എല്ലാ മാസവും സെക്രട്ടറി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം.