maoist-nilambur

കൊച്ചി: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് തണ്ടർബോൾട്ട് കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. 2004 ഫെബ്രുവരിയിൽ ഒഡിഷയിലെ കോരാപുട്ട് ജില്ലയിൽ നിന്ന് തട്ടിയെടുത്ത റൈഫിളുകളും എ.കെ 47 തോക്കുകളും ഉപയോഗിച്ചാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശികളായ മുരുകേശൻ, ലക്ഷ്മി എന്നിവർ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്മൂലം.

കൊല്ലപ്പെട്ട കണ്ണൻ എന്ന കാർത്തി, മണിവാസകം എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ച ഹൈക്കോടതി,​ ഇനിയൊരു ഉത്തരവുണ്ടാകുംവരെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് നേരത്തേ ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നും ഇതേക്കുറിച്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഇത്തരം കേസുകളിൽ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണെന്നും ഇവർ വാദിച്ചു.

വ്യാജ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് ഹർജിക്കാർ ആരോപിച്ചെങ്കിലും അക്കാര്യങ്ങൾ അന്വേഷണം പൂർത്തിയായാലേ പറയാനാവൂ എന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. കേസ് ഡയറി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹർജി നവംബർ 12ന് പരിഗണിക്കാൻ മാറ്റി.

വ്യാജ ഏറ്റുമുട്ടൽ അല്ല:

കോടതിയിൽ സർക്കാർ

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിർത്തതെന്നും വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശരിയല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ പരിക്കുകൾ ഏറ്റുമുട്ടലിനിടെ ഉണ്ടായതാകാം. മണിവാസകത്തിന്റെ കൈയിലെ മുറിവ് തോക്കുപിടിച്ചു നിന്നപ്പോൾ ഉണ്ടായതാണ്. ഇയാളുടെ കാലിലെ പരിക്ക് ഉയരമുള്ള സ്ഥലത്തുനിന്ന് താഴെ വീണതിനെത്തുടർന്നാകാം.

ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മാവോയിസ്റ്റുകൾ തമിഴ്നാട്ടിൽ നിന്ന് എത്തിയവരാണ്. ആദ്യ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലും വെടിവയ്പ് ഉണ്ടായി. ഒരു മണിക്കൂർ തലങ്ങും വിലങ്ങും വെടിവച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്. തണ്ടർ ബോൾട്ട് കമാൻഡോകൾ ഇവരുടെ ആക്രമണത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു.