കൊച്ചി: സാധാരണക്കാരന്റെ കീശ കാലിയാക്കിയ ഉള്ളി വിലയിൽ കുറവില്ലെങ്കിലും സംസ്ഥാനത്ത് മറ്റു പച്ചക്കറികളുടെ വില കുറഞ്ഞു. ഉള്ളികളിൽ കേമനായ വെളുത്തുള്ളിക്ക് നിലവിൽ 200 രൂപ തന്നെ. ചുവന്നുള്ളി ആകട്ടെ 80 രൂപയും. വിലയുടെ കാര്യത്തിൽ ഡബിൾ സെഞ്ചുറി അടിച്ച വെളുത്തുള്ളിയുടെ തൊട്ടു പുറകെ തന്നെ സെഞ്ചുറി അടിക്കാനുള്ള ഓട്ടത്തിലാണ് ചുവന്നുള്ളി. സവാളയും വിലയിൽ പിന്നിലേക്കല്ല, 85 രൂപ. പുതിയ വിളവെടുപ്പുകാലം തുടങ്ങിയതിനാലാണ് മറ്റിനം പച്ചക്കറികളുടെ വിലയിൽ നേരിയ മാറ്റം ഉണ്ടാക്കിയത്. എന്നാൽ ഞെട്ടിക്കുന്ന വിലയാണ് മുരിങ്ങക്കോലിനു, 210രൂപ. ദിവസം തോറും മുരിങ്ങാക്കോലിന്റെ വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാല് മുതൽ എട്ട് മടങ്ങായാണ് പച്ചക്കറി വില കുതിച്ചുയർന്നത്. നിലവിലെ നേരിയ വില കുറവുമൂലം അടുക്കള ബജറ്റിൽ അല്പമൊരാശ്വാസമുണ്ട്.
#വിലയിൽ നേരിയ മാറ്റം
#വാങ്ങാൻ ആളില്ല
വില കൂടിയതോടെ ഉള്ളി വാങ്ങാൻ ആളില്ല. വാങ്ങുന്നത് തന്നെ അളവ് കുറച്ചും. വിലകുറഞ്ഞ പച്ചക്കറി വാങ്ങാനാണ് ആളുകൾ കൂടുതലെന്ന് ഉള്ളി മൊത്തവ്യാപാരികൾ പറയുന്നു. അതുകൊണ്ട് പൊന്നിൻ വിലക്ക് മേടിച്ചുവെച്ച ഉള്ളികൾ വിറ്റു പോകാതെ കേട് വരുന്ന അവസ്ഥയാണ്.പുതിയ വിളവെടുപ്പ് എടുക്കുന്നത് മൂലം ഉണ്ടായിരിക്കുന്ന ഈ നേരിയ വിലകുറവ് എത്രനാൾ നീണ്ടുനിൽക്കുമെന്നു ആശങ്കയിലാണ് ഉപഭോകതാക്കൾ.
തയ്യാറാക്കിയത്: ആർഷ.എം.നായർ,സഖിമോൾ പി.ജി.