കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ നൽകിയ ജാമ്യഹർജികളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കോഴിക്കോട് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജികൾ 14ന് വീണ്ടും പരിഗണിക്കും.

നവംബർ ഒന്നിനാണ് ഇവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളുമടക്കം പിടിച്ചെടുത്തതിനെത്തുടർന്നാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്. കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥിയായ താൻ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നതെന്നും മൊബൈൽഫോൺ മാത്രമാണ് പിടിച്ചെടുത്തതെന്നും അലന്റെ ഹർജിയിൽ പറയുന്നു. മുമ്പ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നും ഹർജിയിൽ പറയുന്നു.

തന്റെ കൈവശമുണ്ടായിരുന്ന കവറിൽ നിന്ന് നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ പുസ്തകം പിടിച്ചെടുത്തെന്നു പറയുമ്പോഴും ഇതു യു.എ.പി.എ ചുമത്താൻ മതിയായ കാരണമല്ലെന്ന് താഹയുടെ ഹർജിയിൽ പറയുന്നു. പൊലീസ് കൃത്രിമ തെളിവുകളുണ്ടാക്കുകയാണ്. മയക്കുമരുന്നു കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതെന്നും പറയുന്നു.