mukthar-abbas
സൗത്ത് ഇന്ത്യ മുതവല്ലി സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്തർ അബ്ബാസ് നഖ് വി ഉദ്ഘാടനം ചെയ്യുന്നു.

# അഞ്ച് വർഷത്തിനിടെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ചെലഴിച്ചത് 130 കോടി

നെടുമ്പാശേരി: രാജ്യത്തെ ആറു ലക്ഷത്തിലധികം വരുന്ന രജിസ്‌റ്റേഡ് വഖഫ് സ്വത്തുവകകളുടെ ജിയോ മാപ്പിംഗ് 2022 ഓടെ പൂർത്തീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. സെൻട്രൽ വഖഫ് ബോർഡ് മീറ്റിംഗിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 98 ശതമാനത്തിലധികം വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽവത്കരണം പൂർത്തിയായി.

കാണാതായ നിരവധി വഖഫ് സ്വത്തുക്കൾ ഡിജിറ്റൽവത്കരണത്തിലൂടെയും ജിയോമാപ്പിംഗിലൂടെയും വഖഫ് രേഖകളുടെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്തി ജൻവികാസ് പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനകം 80 ലക്ഷം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി 130 കോടി രൂപ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെലവഴിച്ചു. ഇതിൽ 50 ശതമാനവും പെൺകുട്ടികളായിരുന്നു. വരും വർഷങ്ങളിൽ അഞ്ച് കോടി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ആനുകൂല്യം നൽകും. തുടക്കത്തിൽ പദ്ധതിയിൽ 90 ജില്ലകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 308 ജില്ലകളായി. വഖഫിന് കീഴിൽ സ്‌കൂൾ, ആശുപത്രികൾ, മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവയ്ക്കായി കേന്ദ്ര സർക്കാർ 100 ശതമാനം ഫണ്ട് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുത്ത മുതവല്ലി സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. സാമൂഹികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിനുള്ള ചർച്ചകളാണ് നടന്നത്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും സംരക്ഷിക്കേണ്ടത് പൗരന്മാരുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു.