പറവൂർ : പറവൂർ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് 19 ന് രാവിലെ 11ന് കൗൺസിൽ ഹാളിൽ നടക്കും. ജില്ലാ സപ്ലൈ ഓഫീസറാണ് വരണാധികാരി. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ മുൻധാരണ പ്രകാരം ചെയർമാൻ രമേഷ് ഡി. കുറുപ്പ് രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ്.
കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനാർത്ഥി ഡി.രാജ്കുമാർ ആയിരിക്കും. പ്രതിപക്ഷത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആറുമാസത്തിനു ശേഷം ഡി. രാജ്കുമാർ സ്ഥാനമൊഴിയും. അടുത്ത ആറുമാസം പ്രദീപ് തോപ്പിലിന് ചെയർമാൻ സ്ഥാനം നൽകാനാണ് കോൺഗ്രസിൽ ധാരണ.
29 അംഗ കൗൺസിലിൽ കോൺഗ്രസ് - 15, എൽ ഡി എഫ് - 13, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെടുപ്പ് നടന്നാൽ ബി.ജെ.പി അംഗം വിട്ടുനിൽക്കാനാണ് സാദ്ധ്യത. കഴിഞ്ഞ ആഗസ്റ്റിൽ രമേഷ് ഡി. കുറുപ്പിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി അംഗം വിട്ടുനിന്നിരുന്നു.