കൊച്ചി: നഗരഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാട്ടി മേയറുടെ രാജി ആവശ്യപ്പെട്ട് രണ്ടാം തവണയും പ്രതിപക്ഷം കോർപ്പറേഷൻ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. പൊതുചർച്ചയ്ക്ക് ശേഷം മേയർ സൗമിനി ജെയിൻ മറുപടി പ്രസംഗം ആരംഭിച്ചപ്പോഴേക്കും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി യോഗനടപടികൾ തടസപ്പെടുത്തി കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. ഇ ഗവേണൻസ് വിഷയത്തിൽ മന്ത്രിതല തീരുമാനം നടപ്പാക്കുന്നില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി പി ചന്ദ്രൻ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാത്തതിനാൽ പലരുടെയും വിദേശയാത്രകൾ വരെ തടസപ്പെടുകയാണെന്ന് സി.എ.പീറ്റർ ചൂണ്ടിക്കാട്ടി.നഗരഭരണം മോശമാണെന്ന് പൊതു അഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിൽ കൗൺസിലർമാർക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടാണ്. ഒരുപാട് കരാറുകൾ ചർച്ചചെയ്യപ്പെടാനുണ്ട്. എന്നാൽ ഒന്നും തന്നെ നടപ്പിൽ വരുത്തുന്നില്ലെന്നും അവർ പറഞ്ഞു.
# റോഡുകൾ താറുമാറായി
നഗരത്തിലെ റോഡുകൾ എല്ലാം താറുമാറാണെന്ന് യു.ഡി.എഫ് കൗൺസിലർ അഡ്വ. വി എസ് മിനിമോൾ പറഞ്ഞു. അടിയന്തരമായി കുഴികൾ അടച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കണം. തുറസായ സ്ഥലങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യം ഓടകളിൽ ഒഴുകിയെത്തുന്നതിനാൽ നീരൊഴുക്ക് തടസപ്പെടുകയാണ്. ഓൺലൈൻ ബുക്കിംഗിലൂടെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഹോട്ടൽ ശൃംഖലയുടെ ഭാഗമാകുന്നത് സാമൂഹ്യ പ്രശ്നം സംബന്ധിച്ച കണക്കുകൾ നഗരസഭയുടെ കൈവശം ഇല്ലെന്ന് മിനിമോൾ കുറ്റപ്പെടുത്തി.
#പശ്ചിമകൊച്ചിയെ അവഗണിക്കുന്നു: കൗൺസിലർമാർ
കൈയേറ്റങ്ങൾ മൂലം തോടുകളിലെ ഒഴുക്ക് തടസപ്പെട്ട് മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. കനാലുകളിലൂടെ നടന്നുപോകാൻ കഴിയുന്ന അവസ്ഥയായി. കോടിക്കണക്കിന് രൂപയുടെ കനാൽ നവീകരണ പദ്ധതികളിൽ പോലും പശ്ചിമകൊച്ചിയെ അവഗണിക്കുകയാണ്. നെതർലാൻഡ് സർക്കാരിന്റെ സഹായത്തോടെ കെ.എം.ആർ.എൽ നടപ്പാക്കുന്ന 1364 കോടി രൂപയുടെ കനാൽ നവീകരണ പദ്ധതിയിൽ രാമേശ്വരം, കൽവത്തി കനാലുകൾ, പണ്ടാരച്ചിറച്ചാൽ, പള്ളിച്ചാൽ തോടുകളെയും ഉൾപ്പെടുത്തണമെന്ന് കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
#തുറന്നടിച്ച് കെ.ജെ ആന്റണി
വെള്ളക്കെട്ട്, ഇ ഗവേണൻസ്, റോ റോ, റേ ഭവനപദ്ധതി , ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ വിധി തുടങ്ങിയ പദ്ധതികളിൽ ഒന്നുപോലും ശരിയായ രീതിയിൽ നടപ്പിൽ വരുത്താൻ ഭരണസമിതിക്ക് ആയില്ലെന്നും അതിനാൽ ഭരണത്തിൽ തുടരാൻ ധാർമ്മികമായ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു.