പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകളും ഓട്ടോറിക്ഷാ തൊഴിലാളികളും പണിമുടക്കി. ആദ്യം ഓട്ടോക്കാരാണ് സമരം തുടങ്ങിയത്.പിന്നീട് സ്വകാര്യ ബസുകാർ ഐക്യദാർഡ്യം അറിയിച്ചു കൊണ്ട് സമരത്തിൽ പങ്കെടുത്തു. സമരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാരും നിരവധി വിദ്യാർത്ഥികളും ഇതുമൂലം ദുരിതത്തിലായി. കഴിഞ്ഞ പത്ത് മാസക്കാലമായി കുമ്പളങ്ങിയിലെ അഞ്ചര കിലോമീറ്റർ ദൂരപരിധിയിൽ റോഡ് തകർന്നു കിടക്കുകയാണ്.നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും പൊതുമരാമത്ത് വകുപ്പും, കുമ്പളങ്ങി പഞ്ചായത്ത് അധികാരികളും, എം.എൽ.എയും വിഷയത്തിൽ ഇടപെടാത്തതിനെ തുടർന്നാണ് സമരം നടത്തിയതെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.