കൊച്ചി:നഗരസഭാ പരിധിയിലെ കൊതുകുകളെ തുരത്താൻ സമ്പൂർണ ഉറവിട നിർമാർജന പരിപാടിയുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങി. "ഒരുമ' എന്ന പേരിൽ ജില്ലാ ഭരണാധികരികൾ,ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കൊച്ചി നഗരസഭ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നഗരസഭാ പ്രദേശത്തെ പലയിടങ്ങളിൽ നിന്നായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ദൗത്യം. ഇതിന്റെ ഭാഗമായി ഇന്നലെ നഗരസഭാ പരിധിയിലെ എല്ലാ സ്കൂളുകളിലും അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുകയും ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കൊച്ചി നഗരത്തിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും.നേരത്തെ ഡെങ്കിപനിയെ തുടർന്ന് ജില്ലയിൽ കറുകപ്പിള്ളിയിൽ ഒരാൾ മരണപ്പെട്ടിരുന്നു. കൂടാതെ പലപ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശുചീകരണത്തിന്റെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഫീൽഡ് വർക്കർമാർ, അർബൻ ജെ.പി.എച്ച്.എൻ മാർ, ആശാ പ്രവർത്തകർ, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ അടങ്ങുന്ന 265 ടീമുകൾ 9405 വീടുകളിൽ സന്ദർശനം നടത്തുകയും 1200 വീടുകളിൽ ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകിന്റെ ലാർവയെ കണ്ടെത്തുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളും, ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തി. കൊച്ചിയെ ഡെങ്കിപ്പനിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും സജീവമായി ഇടപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ പറഞ്ഞു.
#നഗരസഭാ പ്രദേശത്ത് താമസിക്കുന്ന എല്ലാവരും നാളെ (ഞായർ) അവരവരുടെ വീടിനുള്ളിലും പരിസരത്തും കൊതുക് വളരുന്ന സാഹചര്യങ്ങൾ പരിശോധിച്ച് നീക്കം ചെയ്യണം
#'കൊച്ചി ജയിക്കും, ഈഡിസ് തോൽക്കും' എന്നതാണ് ഒരുമയുടെ മുദ്രാവാക്യം