വൈപ്പിൻ : അണിയൽ കടപ്പുറത്ത് എം.എൽ.എ ആസ്തി വികസന സ്‌കീമിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് പുലിമുട്ട് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമായതിനെതുടർന്ന് പുലിമുട്ട് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്. ശർമ്മ എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനം. അണിയിലിൽ നിർമ്മിക്കുന്ന രണ്ടാമത്തെ പുലിമുട്ടിനുള്ള ഭരണാനുമതിയും ഉടൻ നൽകും. അനുമതി ലഭിച്ചാലുടൻ പ്രവൃത്തി ടെണ്ടർ ചെയ്യുമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. അണിയൽ തീരത്ത് നാലു പുതിയ പുലിമുട്ടുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു. പഴങ്ങാട് ഭാഗത്ത് അറ്റകുറ്റപ്പണി ആവശ്യമുള്ള 110 മീറ്റർ കടൽഭിത്തിയുടെ എസ്റ്റിമേറ്റും അണിയലിൽ അഞ്ഞൂറ് മീറ്റർ കടൽഭിത്തിയുടെ എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടിയിട്ടുള്ളതും ടെണ്ടർ ചെയ്തതുമായ 150 മീറ്റർ കടൽഭിത്തിയുടെ അറ്റകുറ്റപ്പണിക്കുള്ള കരാർ ആരും ഏറ്റെടുത്തിട്ടില്ലെന്ന് അസി. എൻജിനിയർ പറഞ്ഞു.

സംസ്ഥാന ദുരിത നിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി എളങ്കുന്നപ്പുഴ ആർ.എം.പി തോട്, വേലൻതോട് എന്നിവയുടെ നവീകരണത്തിന് പണം അനുവദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തികരിക്കണമെന്ന് മന്ത്രി നിർദേശം നൽകി.

നായരമ്പലം തീരപ്രദേശത്തും അണിയലിന് സമാനമായ കടൽക്ഷോഭം നേരിടുന്നതായും ഇവിടെ നിലവിലുള്ള കടൽഭിത്തികളുടെയും 2010 ൽ നിർമ്മിച്ച ആറു പുലിമുട്ടുകളുടെയും പുനരുദ്ധാരണം ഉടൻ നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ എൻജിനിയർമാരെ ചുമതലപ്പെടുത്തി. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.ശർമ്മ എം എൽ എ , ചീഫ് എൻജിനിയർ , വകുപ്പുതല മേധാവികൾ, എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര, നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, പി.കെ. നടേശൻ, സജു എം.ബി , വിനോദ് പോണത്ത് എന്നിവർ പങ്കെടുത്തു.