കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന കോതമംഗലം വികസന കോൺക്ലേവ് ഇന്ന് കലാ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായിരിക്കും. പ്രൊഫ. കെ.വി. തോമസ് സംസാരിക്കും. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം വികസന രൂപരേഖ അവതരിപ്പിക്കും. കോതമംഗലത്തിന്റെ പൊതു വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് പ്രധാന ലക്ഷ്യം.
4 സെഷനുകളിലായിട്ടാണ് കോൺക്ലേവ് ഒരുക്കിയിരിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ അടക്കമുള്ള പൊതു വികസന വിഷയങ്ങൾ ആദ്യ സെഷനിൽ ചർച്ച ചെയ്യും. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ രണ്ടാമത്തെ സെഷനിൽ ചർച്ചയാകും. ടൂറിസം, കൃഷി എന്നിവയിൽ ഊന്നിയായിരിക്കും മൂന്നാമത്തെ വിഭാഗം. സ്‌പോർട്‌സ് പ്രത്യേക സെഷനായി ചർച്ച ചെയ്യും.
ഒളിമ്പ്യൻ എം.ഡി. വത്സമ്മ, പി. സി. സിറിയക് , ഡോ. ജെ. അലക്‌സാണ്ടർ, ബേബി മാത്യു സോമതീരം, ആന്റണി കണ്ടിരിക്കൽ, എസ്. ആർ. നായർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും.
ഓരോ വിഭാഗത്തിലും വികസനാസൂത്രകരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കും.
താലൂക്കിലെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുക. ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് വികസന മാസ്റ്റർപ്ലാനിന് രൂപം നൽകും. ബന്ധപ്പെട്ട ജനപ്രതിനിധികൾ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ശുപാർശകൾ അടങ്ങുന്ന രേഖ സമർപ്പിക്കും.
പദ്ധതികളുടെ സമയബന്ധിത തുടർനടപടിക്കുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. വൈകിട്ട് അഞ്ചിന് സമാപിക്കും.
എന്റെ നാടിന് കീഴിൽ പൊതുവികസന പദ്ധതികളുടെ ആസുത്രണത്തിനും തുടർനടപടികൾക്കുമായി സ്ഥിരം സംവിധാനവും ആലോചനയിലുണ്ട്. കോതമംഗലം ഡവലപ്‌മെന്റ് ഫോറം എന്ന പേരിലായിരിക്കും ഇത്.
തികഞ്ഞ പങ്കാളിത്ത സ്വഭാവമുള്ള വികസനം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് കോൺക്ലേവെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഹൈപവർ കമ്മിറ്റി അംഗങ്ങളായ ജോർജ് അമ്പാട്ട്, ജോർജ് കുര്യയ്പ്പ്, കെ.പി. കുര്യാക്കോസ്, സി.കെ. സത്യൻ, സെബിൻ പൗലോസ്, സെക്രട്ടറി പി. പ്രകാശ് എന്നിവരും പങ്കെടുത്തു.