blasters

 ബ്ലാസ്‌റ്റേഴ്സ് - ഒഡിഷ എഫ്.സി മത്സരം ഗോൾ രഹിത സമനിലയിൽ

 ബ്ളാസ്‌റ്റേഴ്സിനായി ആറു മലയാളി താരങ്ങൾ ആദ്യമായി കളത്തിൽ

കൊച്ചി: ഷട്ടോരി പതിവ് ലൈനൊന്ന് മാറ്റി. വജ്രായുധം ഒഗ്ബെച്ചയെ അവസാന 13 മിനിട്ടിലിറക്കി കളി കൈക്കലാക്കാമെന്ന മോഹം പക്ഷേ പൂവണിഞ്ഞില്ല. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒഡിഷ എഫ്.സിയോട് ഗോൾ രഹിത സമനിലയിൽ കേരള ബ്ലാസ്‌റ്റേഴ്സ് പിരിഞ്ഞു. ആറു മലയാളി താരങ്ങൾ കളം നിറഞ്ഞു കളിച്ച മത്സരത്തിൽ നിരവധി മാന്ത്രിക മുന്നേറ്റങ്ങൾ. സമനിലയിൽ പിരിയുമ്പോഴും ബ്‌ളാസ്‌റ്റേഴ്സിന്റെ ഇന്നലത്തെ കളിയിൽ ഷട്ടോരിയുടെ സംതൃപ്‌തി മുഖത്ത് നിറഞ്ഞു നിന്നു. പക്ഷേ, താരങ്ങളുടെ പരുക്കുകളുടെ വേലിയേറ്റം ബ്‌ളാസ്‌റ്റേഴ്സ് ആരാധകർക്ക് സങ്കടക്കടലാണ്.

 മിസ് യു ഒഗ്ബച്ചെയെ

ബ്ലാസ്‌റ്റേഴ്സ് ക്യാപ്‌ടൻ ബർത്തലോമ്യ ഒഗ്ബച്ചെയെ സൈസ് ബഞ്ചിലിരുത്തിയാണ് കോച്ച് ഷട്ടോരി ആദ്യ ഇലവനെ കളത്തിലിറക്കിയത്. പ്രതിരോധത്തിലെ ബ്രസീലിയൻ കരുത്ത് ജയ്റോ റോഡ്രിഗസ് നായകനായി കളത്തിൽ. റാഫേൽ മെസി ബൗളിയെ ഏക സ്‌ട്രൈക്കറുമാക്കി. മലയാളി താരങ്ങളായ കെ. പ്രശാന്ത്, സഹൽ അബ്‌ദുൾ സമദ്, കെ.പി.രാഹുൽ, ടി.പി. രഹനേഷ് എന്നിരും ആദ്യ ഇലവനിൽ ഇടം തേടി.

 പരിക്കിന്റെ കളിയാട്ടം

കളിയുടെ തുടക്കത്തിൽ തന്നെ ബ്‌ളാസ്‌റ്റേഴ്സിന് തിരിച്ചടിയേറ്റു. മൂന്നാം മിനിട്ടിൽ നായകൻ ജയ്റോ റോഡ്രിഗസ് കടുത്ത പേശിവലിവ് മൂലം മുടന്തി കളത്തിന് പുറത്ത്. പകക്കാരനായി മലയാളി താരം അബ്ദുൾ ഹക്ക് ഇറങ്ങിയതോടെ ആദ്യമായി അഞ്ചു മലയാളി താരങ്ങൾ ബ്ലാസ്‌റ്റേഴ്സിനായി ബൂട്ടുകെട്ടി. ആദ്യ 15 മിനിട്ടിനുള്ളിൽ രണ്ട് കോർണറുകൾ ബ്ളാസ്‌റ്റേഴ്സിന് അനുകൂലമായി ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല.

23 -ാം മിനിട്ടിലെ കൂട്ടിയിടിയിൽ ഗാലറി നടുങ്ങി. രണ്ടു താരങ്ങൾ പുറത്ത്.ഒഡീഷ എഫ്.സിക്ക് അനുകൂലമായ കോർണർ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനുടെ മെസിയും സന്റാനയും കൂട്ടിയിടിച്ച് മൈതാനത്ത് വീണു. ഇരുവർക്കും പരിക്കേറ്റതോടെ അഞ്ച് മിനിട്ട് മത്സരം തടസപ്പെട്ടു. മെസിക്ക് പകരക്കാരനായി മലയാളി താരം മുഹമ്മദ് റാഫിയും സന്റാനയ്‌ക്ക് പകരക്കാരനായി ഒഡീഷ നിരയിൽ കാർലോസ് ഡെൽഗാഡോയുമിറങ്ങി. റാഫിയും കളത്തിലിറങ്ങിയതോടെ മലയാളി തിളക്കത്തിന്റെ ആറാട്ട്.

പിന്നീട് സഹൽ അബ്‌ദുൾ സമദിന്റെ മികച്ച മുന്നേറ്റങ്ങളിൽ ഗാലറി പ്രകമ്പനം കൊണ്ടു. ഗോളൊന്നുറച്ച രണ്ട് അവസരങ്ങൾ നിർഭാഗ്യത്താൽ വഴിമാറി. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ.

 വന്നല്ലോ ഒഗ്ബച്ചെ

77 ാം മിനിട്ടിൽ റാഫിയെ തിരികെ വിളിച്ച് തുറുപ്പുചീട്ടായ ഒഗ്ബെച്ചയെ ഷട്ടോരി കളത്തിലിറക്കി. കളം നിറഞ്ഞു കളിക്കുന്നതിനിടെയാണ് ഒഗ്ബച്ചെയെകൂടി ഇറക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളടിച്ചില്ലെങ്കിലും സഹലിന്റെ മുന്നേറ്റത്തിലെ മാജിക്കിൽ ഗാലറികൾ ആർത്തുവിളിച്ചു. ഈ സമയം ബ്‌ളാസ്‌റ്റേഴ്സ് കളം നിറഞ്ഞു കളിക്കുകയായിരുന്നു. 84 ാം മിനിട്ടിൽ പ്രശാന്തിന്റെ സുന്ദരമായ ക്രോസിൽ ഒഗ്ബെച്ചയെ ഷോട്ട് ഉതിർത്തെങ്കിലും ദുർബലമായ ബാൾ ഒഡിഷ ഗോളിയുടെ കൈകളിൽ. പിന്നീട് ഒഡീഷ ഗോൾ മുഖത്തേക്ക് തുടരെ ബ്‌ളാസ്‌റ്റേഴ്സ് ആക്രമണം. പക്ഷേ ഗോൾ മാത്രം പിറന്നില്ല.