വടക്കൻ കേരളാതിർത്തിയിൽ ചുങ്കം പിരിവ് നടത്തുന്ന പ്രദേശം എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഒരു അതിർത്തി ഗ്രാമത്തിന്റെ പേരു മാത്രമായിരുന്നു നാളിതുവരെ വാളയാർ. എന്നാലിന്ന് വാളയാർ എന്നത് മലയാളികളുടെ മാത്രമല്ല, നന്മ വറ്റാത്ത ഒാരോ മനുഷ്യന്റെയും നെഞ്ചിൽ കൂടുകൂട്ടിയ അടങ്ങാത്ത രോഷത്തിന്റെയും നൊമ്പരത്തിന്റെയും പര്യായപദമാണ്. അമ്പതു ദിവസത്തെ ഇടവേളകൾക്കുള്ളിൽ അടച്ചുപൂട്ടും മറ്റു സൗകര്യങ്ങളുമില്ലാതിരുന്ന വീട്ടിൽ 11 ഉം ഒൻപതും വയസ് വീതം മാത്രം പ്രായമുള്ള സഹോദരിമാർ ഒരേരീതിയിൽ തങ്ങളുടെ ജീവിതം അവസാനിപ്പിച്ചത് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടാതിരുന്നതിന്റെ നിരാശമൂലമോ കൊടുംപട്ടിണിയുടെ അസഹനീയതയോ മൂലമായിരുന്നില്ല. കെട്ടിമറയ്ക്കാത്ത വീടിനുള്ളിൽ ആളനക്കമില്ലെന്ന് ഉറപ്പു വരുത്തി പാവം പിഞ്ചുകുഞ്ഞുങ്ങളെ കശക്കി കാമപൂർത്തി വരുത്താൻ ഒരുമ്പെട്ടിറങ്ങിയ നരാധമന്മാരുടെ ആവർത്തിച്ചുള്ള കൊടിയ പീഡനം തുടർന്നും സഹിക്കാനാവാതെ അകാലത്തിൽ ജീവനൊടുക്കാൻ അവർ നിർബന്ധിതരാകുകയായിരുന്നു. മരണകാരണം ആത്മഹത്യയാണെന്ന ഒൗദ്യോഗിക വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും കൊലപാതകമെന്ന് സംശയിക്കത്തക്ക നിരവധി സാഹചര്യങ്ങൾ നിലവിലുണ്ടെന്നും പൊതുസമൂഹം അടക്കം പറഞ്ഞുവെങ്കിലും അധികാരികളുടെ വസ്തുതാവിവരണം അംഗീകരിച്ച് കോടതിയിൽ വിചാരണ നടപ്പാക്കുകയാണുണ്ടായത്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ പ്രാപ്തമായ പഴുതുകളെല്ലാം ഉപയോഗിച്ച കുറ്റാരോപിതർ കുറ്റവിമുക്തരായെന്ന വാർത്ത തികഞ്ഞ ഞെട്ടലോടെയാണ് പൊതുസമൂഹം ശ്രവിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതിവിധിയെ അന്വേഷണ സംവിധാനത്തിന്റെ അലംഭാവവും പാളിച്ചയുമായിട്ടാണ് പൊതുസമൂഹം വിലയിരുത്തിയത്. നീതിനിർവഹണ സംവിധാനങ്ങളെയാകെ വിമർശിച്ച പൊതുസമൂഹം ഇരയ്ക്ക് നീതികിട്ടാതെ പോയതിനാൽ വ്യാകുലപ്പെടുകയും ചെയ്തു.
വാളയാറിലെ സാമൂഹ്യ പശ്ചാത്തലം
അന്നന്നത്തെ അന്നത്തിനായി വീടുവിട്ടിറങ്ങുമ്പോൾ പറക്കമുറ്റാത്ത മക്കളെ മറുകൈയിലേൽപിക്കാൻ ഇടമില്ലാതെ, അവരെ ഒറ്റയ്ക്കാക്കി പോകാൻ നിർബന്ധിതരാകുന്ന ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെല്ലാം തന്നെ കേരളത്തിലാകമാനം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നാണ് താമസ സ്ഥലങ്ങളിലെ സുരക്ഷ. വാളയാറിലെയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല, ഇപ്പോഴും.
വല്ലപ്പോഴും എത്തിക്കുന്ന ക്ഷേമപദ്ധതികളുടെ വിഹിതം കൈനീട്ടി വാങ്ങുന്ന പിന്നാക്ക വിഭാഗക്കാരന്റെ നിസഹായതയും ദൈന്യതയും പൊതുസമൂഹത്തിന് കൗതുകം പകരുന്ന കാഴ്ചകൾ മാത്രമാണ്. തങ്ങളുടെയെല്ലാം ഒൗദാര്യത്തിൽ അവർ കഴിഞ്ഞു വരുന്നുവെന്ന ഒരു പരിഹാസത്തിനപ്പുറം അവരുടെ ദൈന്യത, ദുരിതം എന്നിവയെ പൊതുസമൂഹം ഒരിക്കലും ചർച്ച ചെയ്യുകയോ പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയോ ചെയ്തിട്ടേയില്ല.
പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കാൻ നിയമപരമായി ബാദ്ധ്യതപ്പെട്ട മുഴുവൻ ആളുകളുടെയും ജാഗ്രതക്കുറവ് വാളയാർ ആവർത്തിക്കപ്പെടാൻ ഇടയാക്കുന്നുണ്ട്. നിയമത്തിന്റെയൊ പദ്ധതികളുടെയൊ അപര്യാപ്തതയല്ല പിന്നാക്ക വിഭാഗങ്ങളെ പിന്നിലാക്കുന്നത്. അർപ്പണ ബോധത്തോടെ ഉത്തരവാദിത്വം നിർവഹിക്കാൻ മടികാണിക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ക്രൂരനിലപാടുകളുടെ രക്തസാക്ഷികളാണ് വാളയാറിലെ സഹോദരിമാർ.
കേസിന്റെ പശ്ചാത്തലം
ആത്മഹത്യാ പ്രേരണ, പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം എന്നീ കുറ്റാരോപണങ്ങൾ ചാർത്തിയാണ് പ്രതികളെ അന്വേഷണസംഘം കോടതിയിലെത്തിച്ചത്. അന്വേഷണത്തിലെ സാങ്കേതിക പിഴവുകളും കേസ് അവതരിപ്പിക്കുന്നതിലെ ചില വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് വിചാരണക്കോടതി പ്രതികളെ കുറ്റ വിമുക്തരാക്കിയത്.
ലൈംഗിക പീഡനക്കേസിലെ പ്രതികളെ ഏതു കാരണത്താൽ കുറ്റവിമുക്തരാക്കിയാലും പൊതുസമൂഹം അതിനോടു വൈകാരികമായി മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. നിയമത്തിനകത്തു നിന്നുള്ള സാങ്കേതിക വാദങ്ങളൊന്നും പൊതു സമൂഹത്തിന്റെ സംശയത്തെ ശമിപ്പിക്കാൻ പര്യാപ്തമാകാറില്ല. കേവലം വൈകാരികതയ്ക്കപ്പുറത്തു നിന്ന് തികച്ചും നിയമപരമായി വാളയാർ കേസ് അന്വേഷണത്തെയും വിചാരണയേയും സമീപിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറെയുണ്ട്.
1.ആദ്യത്തെ പെൺകുട്ടിയുടെ മരണം അറിഞ്ഞിട്ടും പെൺകുട്ടിയുടെ മലദ്വാര ഭാഗത്തെ പരിക്കിനെ സംബന്ധിച്ച് വിദഗ്ദ്ധാഭിപ്രായം തേടിയില്ല.
2. പോക്സോ പ്രകാരം കുറ്റകൃത്യം വെളിവായിട്ടും ഇളയകുട്ടിയെ നിയമപരമായി സംരക്ഷിക്കാൻ ശ്രദ്ധിച്ചില്ല.
3. കുട്ടിയുടെ അമ്മയും അച്ഛനും സംഭവത്തിന് മുമ്പ് അവിടെയുണ്ടായിരുന്ന ചിലരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പറഞ്ഞിട്ടും അന്വേഷണം നടത്തിയില്ല.
4. മൂത്തകുട്ടിയുടെ മലദ്വാരത്തിൽ കണ്ട വ്രണം പൈൽസ് എന്ന രോഗത്തിന്റേതാണെന്ന പ്രതിഭാഗത്തിന്റെ വിശദീകരണം ശരിയല്ലെന്ന് ഡോക്ടറെക്കൊണ്ട് സ്ഥാപിക്കാൻ ശ്രമിച്ചില്ല.
ഇപ്രകാരം ഒട്ടനവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുമ്പോഴും ഉത്തരം പറയാൻ ബാദ്ധ്യതപ്പെട്ടവർ നടത്തിയ കണ്ടെത്തലുകളെ വാളയാർ വിചാരണയ്ക്ക് മുമ്പുവരെ ആരും ചോദ്യം ചെയ്തിരുന്നില്ല. അതും ചർച്ച ചെയ്യപ്പെടണം. പുതിയ നിയമങ്ങളനുസരിച്ചുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥൻ നടത്തിയാലും, പ്രോസിക്യൂഷന്റെ ഉന്നതതലത്തിലുള്ളവരുടെ മേൽപ്പരിശോധന അത്യാവശ്യമാണെന്നതിലേക്കാണ് വാളയാർ വിധി വിരൽ ചൂണ്ടുന്നത്.
2012 ലെ ഡൽഹി പെൺകുട്ടിയുടെ പീഡനത്തിനുശേഷം ഭാരതമാകെ അലയടിച്ച പ്രതിഷേധാഗ്നിയുടെ ഉപോത്പന്നമായിട്ടാണ് 2013 ലെ ക്രിമിനൽ നിയമഭേദഗതി നിലവിൽ വന്നത്. ഏതാണ്ട് അക്കാലത്തു തന്നെയാണ് പുതിയ പോക്സോ നിയമവും അവതരിപ്പിക്കപ്പെട്ടത്. 2012 ൽ ദേശവ്യാപകമായി ലൈംഗികാതിക്രമത്തിലെ ഇരയ്ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെട്ട പൊതുബോധം കേരളീയ സമൂഹം തുടരുന്ന പക്ഷം അധികാരികൾ ജാഗരൂകരാകും. പീഡനങ്ങൾ ആവർത്തിക്കപ്പെടില്ല. അതിനായി ഇരയെയും വേട്ടക്കാരനെയും വിവേചനബുദ്ധിയോടെ തിരിച്ചറിയുന്ന ഒരു പ്രോസിക്യൂഷൻ സംവിധാനവും സജീവമാകേണ്ടതുണ്ട്.
(ഹൈക്കോടതി അഭിഭാഷകനാണ് ലേഖകൻ)