കോതമംഗലം: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോതമംഗലത്ത് തുടക്കമാകും. മാർ അത്തനേഷ്യസ് കോളേജ് മൈതാനത്ത് മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 14 ഉപജില്ലകളിൽ നിന്ന് മൂവായിരത്തോളം താരങ്ങൾ മാറ്റുരയ്ക്കും. ഇന്ന് രാവിലെ 8.30 ന് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഫൈനലോടെ ട്രാക്കുണരും. 10.30 ന് ഡീൻ കുര്യാക്കോസ് എം.പി മേള ഉദ്ഘാടനം ചെയ്യും.
മൂന്നു ദിനങ്ങളിലായി 98 ഫൈനലുകൾ നടക്കും. ആദ്യദിനം 32 ഇനങ്ങളിലെ ജേതാക്കളെ അറിയാം.
നിലവിലെ ജില്ലാ, സംസ്ഥാന ചാമ്പ്യൻമാരായ കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസിന്റെ പിൻമാറ്റമാണ് ഇക്കുറി ശ്രദ്ധേയമാക്കുന്നത്. പത്തു തവണ സംസ്ഥാനത്തെ ചാമ്പ്യൻമാരായ സെന്റ് ജോർജിൽ നിന്ന് ഒരു വിദ്യാർത്ഥി മാത്രമാണ് ഇക്കുറി ജില്ലാ മീറ്റിന് യോഗ്യത നേടിയത്. സെന്റ് ജോർജിന്റെ അഭാവത്തിൽ അയൽക്കാരായ മാർ ബേസിലിന് കിരീടപ്പോരാട്ടത്തിൽ ജില്ലയിൽ കാര്യമായ വെല്ലുവിളികളില്ല. നിലവിലെ സംസ്ഥാന ചാമ്പ്യൻമാരാണ് എറണാകുളം ജില്ല.