കൊച്ചി: അയോദ്ധ്യവിധിയെ പക്വതയോടെ സമീപിക്കണമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ പറഞ്ഞു. ഒരു തരത്തിലുമുളള ആഹ്ളാദ പ്രകടനങ്ങളോ വിദ്വേഷ പ്രസംഗങ്ങളോ ഉണ്ടാകാൻ പാടില്ല. സുപ്രീംകോടതി വിധി അന്തിമമാണെന്ന് കരുതി പക്വമായ മനസോടെ സ്വീകരിക്കണം. സംസ്ഥാനത്തെ ജനങ്ങൾ വിവേകശാലികളാണ്. ഏത് വിഷയവും വിവേകത്തോടെ സമീപിക്കുവാൻ അവർക്കാവും.ആലുവ അദ്വൈതാശ്രമം സൗഹൃദവേദിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

അയോദ്ധ്യ വിധിയുടെ ലാഭനഷ്ട കണക്കുകളുടെ പുസ്തകങ്ങൾ ആരും തുറക്കരുതെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.ബഹുസ്വരതയാണ് ഇന്ത്യയുടെ പാരമ്പര്യം. ഈ ഏകത്വം ലോകത്തിന് മുന്നിൽ പ്രകടമാക്കുവാനാണ് വിധി ഉപയോഗിക്കണ്ടത്. മതങ്ങളും ആചാരങ്ങളും ഓരോരുത്തരുടെയും സ്വകാര്യതയായി കാണണമെന്ന് . കെമാൽ പാഷ പറഞ്ഞു.

അയോദ്ധ്യ -ബാബ്റി മസ്ജിദ് തർക്കത്തിന്റെ ഇരുൾമൂടിയ അദ്ധ്യായം എന്നന്നേക്കുമായി അടഞ്ഞുവെന്ന് കൊച്ചി ഗ്രാന്റ് മസ്ജിദ് ഇമാം എം.പി ഫൈസൽ അസ്ഹരി പറഞ്ഞു. . മറ്റ് മുസ്ലിംസംഘടനകൾ നേരത്തെ തന്നെ വിധിയെ അംഗീകരിച്ചിട്ടുള്ളതാണ്. കഴിഞ്ഞ കാലങ്ങളെ പോസ്റ്റ്‌മോർട്ടം ചെയ്യാതെ ആരാധനാലയങ്ങളുടെ പേരിൽ ഇനിയൊരു സംഘർഷമുണ്ടാകരുതെന്നും ഫൈസൽ അസ്ഹരി പറഞ്ഞു. ഭാരതത്തിന്റെ മതസൗഹാർദ്ദ മൂല്യങ്ങൾ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നതിന് വിധിയെ വിനയോഗിക്കണമെന്ന് ഫാ. വിൻസന്റ് കുണ്ടുകുളം പറഞ്ഞു. ബഷീർ കല്ലേലിൽ, ജയ്‌മോൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.